അടൂർ: പട്ടാഴിമുക്കിലെ അപകടം സംബന്ധിച്ച് ഹാഷിമും അനുജയും വന്ന വഴി അന്വേഷിക്കാൻ പൊലീസ്. എം.സി റോഡിൽ കുളക്കടയിൽ നിന്ന് അനുജയെ കാറിൽ കയറ്റി ഹാഷിം കെ.പി റോഡിലെത്തിയ വഴിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനായി ഇരുവരുടെയും മൊബൈൽ ടവർ ലൊക്കേഷനും കാൾ ഡീറ്റൈയ്ൽസും പൊലീസ് എടുക്കും.

കുളക്കടയിൽ നിന്ന് ഇവർ പുറപ്പെട്ടത് പട്ടാഴിമുക്കിൽ വന്ന് അപകടമുണ്ടായതും അനുജയുടെ സഹപ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലർ അടൂർ പൊലീസ് സ്റ്റേഷനിലെത്തിയതും തമ്മിൽ വളരെ കുറച്ച് സമയത്തെ ഇടവേള മാത്രമാണുള്ളത്. ഇതിനിടയിൽ ഹാഷിമിനും അനുജയ്ക്കും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നുകിൽ എം.സി റോഡ് വഴി തന്നെ അടൂരിലെത്തി ഇവർ കെ.പി റോഡിൽ കുറേ ദൂരം സഞ്ചരിച്ച് മടങ്ങി വരുമ്പോഴാകും അപകടം.

അല്ലെങ്കിൽ കുളക്കടയിൽ നിന്നും എളുപ്പവഴിയിൽ കെ.പി റോഡിൽ ഇറങ്ങിയതാകാം. ഇവിടെയാണ് അനുജ കാറിൽ നിന്ന് ചാടാൻ ശ്രമിച്ചുവെന്ന ദൃക്സാക്ഷി മൊഴിയിൽ പൊലീസ് സംശയം പ്രകടിപ്പിക്കുന്നത്. ഈ മൊഴിയുടെ കൃത്യത മനസിലാക്കാനും മൊബൈൽ ടവർ ലൊക്കേഷൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടമുണ്ടായ കാറിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. തുടരന്വേഷണത്തിൽ ഹാഷിമിന് മദ്യപിക്കുന്ന സ്വഭാവമുണ്ടെന്ന് പൊലീസ് സുഹൃത്തുക്കളിൽ നിന്ന് മനസിലാക്കി. മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ ഇയാൾ നിലതെറ്റി പെരുമാറുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അപകടം ഹാഷിം സൃഷ്ടിച്ചതു തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അമിതവേഗതയിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റുക തന്നെയായിരുന്നു. അബദ്ധത്തിലാണ് അപകടം ഉണ്ടായതെങ്കിൽ അവസാന നിമിഷം ബ്രേക്കിട്ടതിന്റെ ലക്ഷണങ്ങൾ വാഹനത്തിലും റോഡിലും ലോറിയുമായി ഇടിച്ച രീതിയിലും ഉണ്ടാകേണ്ടതാണ്. ഇവിടെ അങ്ങനെയാന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് എത്തിച്ചേർന്നിരിക്കുന്ന നിഗമനം.

ഹരിയാന രജിസ്ട്രേഷൻ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. ദീർഘദൂരം ഓടുന്ന വാഹനമായതിനാൽ ശക്തിയുള്ള ബമ്പറുകളാണ് ലോറിക്കുള്ളത്. ഇതു കാരണം ഇടിച്ചു കയറിയ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇരുവരും ഉടൻ തന്നെ മരണമടയുകയും ചെയ്തു. ഹാഷിമും അനുജയും തമ്മിലുള്ള അടുപ്പം ഇരുവീട്ടുകാർക്കും അറിയാമായിരുന്നില്ല.

അനുജയുടെ ഭർത്താവ് ഈ വിവരം അറിയുന്നത് അപകടശേഷമാണ്. ഹാഷിമിന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാണ്. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി കബറടക്കി. അനുജയുടെ മൃതദേഹം ഇന്ന് നൂറനാട്ടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.