തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ നർത്തകി കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കേസെടുത്തു. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ചാലക്കുടി പൊലീസിന് നൽകിയ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു.

ആർ.എൽ.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരനായ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സത്യഭാമയുടെ പരാമർശങ്ങൾക്ക് പ്രതികരണവുമായി രാമകൃഷ്ണൻ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചർച്ചയായത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയാണ് ആർ.എൽ.വി. രാമകൃഷ്ണൻ. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും സത്യഭാമയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്‌പിക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.