- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തുലാപ്പള്ളിയിൽ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാൻ ശുപാർശ
പത്തനംതിട്ട: തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജു മാത്യുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ വെടിവച്ചു കൊല്ലാൻ ശുപാർശ നൽകും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നു തന്നെ നൽകും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക ജോലി നൽകും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്‌പി , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എംപി ആന്റോ ആന്റണി, അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.
ഡെപൂട്ടി റേഞ്ചർ കമലാസനനോടു നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കും. ഡെപൂട്ടി റേഞ്ചറെ സസ്പെൻഡ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ യോഗത്തിൽ ബഹളമുണ്ടായി. സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കും. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകാനാണ് തീരുമാനം. യോഗതീരുമാനങ്ങൾ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
ബിജുവിന്റെ വീട് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. നഷ്ടപരിഹാരം ഉടൻ തന്നെ നൽകണമെന്ന് ബന്ധുക്കൾ മന്ത്രിയോട് അഭ്യർത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടൻ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാൻ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാൻ പൊലീസിനെ അനുവദിച്ചിരുന്നില്ല. കലക്ടർ ഉൾപ്പെടെയുള്ളവർ എത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടർ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.