- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആര്യയുടെ മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ; ദമ്പതിമാരുടേത് തറയിലും കുളിമുറിയിലും
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാണാതായ അദ്ധ്യാപികയെയും സുഹൃത്തുക്കളായ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്.
ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകൾ മുറിച്ചനിലയിലായിരുന്നു. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നവീൻ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നും അരുണാചൽ പൊലീസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അരുണാചൽ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇവിടെയെത്തിയ ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് അരുണാചൽ പൊലീസ് നൽകുന്ന വിവരം. ഒരു കടവുമില്ല, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പിൽ ഒപ്പിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. മൂവരെയും കൈഞരമ്പ് മുറിച്ചനിലയിലാണ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്നും അരുണാചൽ പൊലീസ് പറഞ്ഞു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി സൂചനയുണ്ട്. ദമ്പതിമാരുടെ വിവാഹസർട്ടിഫിക്കറ്റ് അടക്കമുള്ളവ മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആര്യ ബി. നായർ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയാണ്. കോട്ടയം സ്വദേശികളായ ദമ്പതിമാർ ആയുർവേദ ഡോക്ടർമാരാണ്. മാർച്ച് 17-നാണ് ഇരുവരും അവസാനമായി മീനടത്തെ വീട്ടിലെത്തിയതെന്നാണ് വിവരം. ദമ്പതിമാരും അദ്ധ്യാപികയും പ്രത്യേക കൂട്ടായ്മ വഴിയാണ് പരിചയപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്.
മാർച്ച് 26-നാണ് മൂവരും കേരളത്തിൽനിന്ന് പോയത്. തുടർന്ന് 27-ാം തീയതി മകളെ കാണാനില്ലെന്ന് ആര്യയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂവരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28-നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് അരുണാചലിൽനിന്നുള്ള വിവരം.
ദമ്പതികളായ ദേവിയുടെയും നവീന്റെയും മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ദേവിയുടെ വീട്ടുകാർ. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവലെ 11.30ഓടെയാണു മരണവിവരം അരുണാചൽ പ്രദേശ് എസ്‌പി ബാലൻ മാധവനെ ഫോൺ വിളിച്ചറിയിക്കുന്നത്. എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ പറഞ്ഞു. നവീന്റെയും ദേവിയുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
"നവീന്റെ വീടായ കോട്ടയത്താണു ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണു തിരുവനന്തപുരത്ത് വന്നുപോയിരുന്നത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണു പറയേണ്ടതെന്നും അറിയില്ല. അവർ അരുണാചലിൽ വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു പറഞ്ഞിരുന്നത്. എന്തു പറയണമെന്ന് അറിയില്ല. അങ്ങനെയൊരു മാനസികാവസ്ഥയിലല്ല ഞാൻ. മരണകാരണം എന്താണെന്നു കണ്ടെത്തണം. മറ്റ് ആരെക്കാളും ഉപരിയായി മരണവിവരം എന്താണെന്ന് എനിക്ക് കണ്ടെത്തേണ്ടതുണ്ട്. നവീനും ദേവിയും ആയുർവേദ ഡോക്ടർമാരാണ്. ജർമൻ ഭാഷയോടു ദേവിക്കു വലിയ താൽപര്യമായിരുന്നു. ഭാഷ പഠിച്ച് കോവിഡിനു മുൻപ് കുറച്ചുനാൾ ചെമ്പക സ്‌കൂളിൽ അവൾ ജോലി ചെയ്തിരുന്നു. എന്റെ അളിയൻ ഡൽഹിയിലുണ്ട്. അദ്ദേഹം അരുണാചലിലേക്കു പോകും. അദ്ദേഹം അവിടെയെത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്നാണു വിശ്വാസം" ബാലൻ മാധവൻ പറഞ്ഞു.
2011ലായിരുന്നു നവീന്റെയും ദേവിയുടെയും വിവാഹം തിരുവനന്തപുരത്ത് നടന്നത്. തലസ്ഥാനത്തെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്നത്തെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദേവിയുടെയും നവീന്റെയും മരണം ബന്ധുക്കളിൽ പലർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല.