സൂറത്ത്: അർധരാത്രി കാമുകി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. സൂറത്തിലെ വജ്രാഭരണ നിർമ്മാണ തൊഴിലാളിയായ മെഹുൽ സോളാങ്കി(23)യെയാണ് കാമുകിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. മെഹുലിന്റെ സഹോദരന്റെ പരാതിയിൽ യുവതിയുടെ ബന്ധുക്കൾക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

മെഹുൽ സോളാങ്കിയും 21-കാരിയും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതി അമ്മാവന്റെ വീട്ടിൽ താമസിക്കാനെത്തി. അമ്മാവന്റെ മകൾ വീട്ടിൽ ഒറ്റയ്ക്കായതിനാൽ കൂട്ടുനിൽക്കാനാണ് യുവതി ഇവിടെയെത്തിയത്. തുടർന്ന് അർധരാത്രിയോടെ കാമുകനെ ഫോണിൽ വിളിച്ച് ഇവിടേക്ക് വരാൻ ആവശ്യപ്പെട്ടു.

അർധരാത്രി ഒന്നരയോടെയാണ് മെഹുൽ സോളാങ്കി വീട്ടിലെത്തിയത്. എന്നാൽ, യുവതിയുടെ സഹോദരനായ ശക്തി ബാരിയ ഇക്കാര്യമറിഞ്ഞു. അമ്മാവനായ മഹിപാത്തിനെയും ബന്ധുവായ ഗോഹിലിനെയും ഇയാൾ വിവരമറിയിച്ചു. തുടർന്ന് അർധരാത്രി രണ്ടുമണിയോടെ മൂവരും വീട്ടിനുള്ളിൽ കയറി യുവാവിനെ മർദിക്കുകയായിരുന്നു.

ഏകദേശം രണ്ടുമണിക്കൂറോളം യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബെൽറ്റ് കൊണ്ടും കയറുകൊണ്ടും നിരന്തരം അടിച്ചു. ഒടുവിൽ പുലർച്ചെ നാലരയോടെ 21-കാരി യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചു. സുഹൃത്തുക്കൾ സംഭവസ്ഥലത്ത് എത്തിയതോടെയാണ് പ്രതികൾ മർദനം നിർത്തിയത്.

ഗുരുതരമായി പരിക്കേറ്റനിലയിലാണ് മെഹുലിനെ പ്രതികൾ സുഹൃത്തുക്കൾക്ക് കൈമാറിയത്. ശരീരമാസകലം മർദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.