- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എംഡിഎംഎ ഒളിപ്പിച്ചു മുൻ ഭാര്യയെയും ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ബത്തേരി: ടെസ്റ്റ് ഡ്രൈവിനെടുത്ത കാറിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ച് മുൻ ഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ (25) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ബാദുഷയെ സഹായിക്കാൻ ശ്രമിച്ച സുഹൃത്തായ ചീരാൽ സ്വദേശി നേരത്തെ പിടിയിലായിരുന്നു. മാർച്ച് 17ന് വൈകിട്ടായിരുന്നു സംഭവം.
ഒളിവിലായിരുന്ന ഇയാൾക്കെതിരെ ബത്തേരി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു നൽകിയിരുന്നു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് ബത്തേരി പൊലീസിനു കൈമാറിയത്.
10,000 രൂപ വാങ്ങി കാറിൽ എംഡിഎംഎ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാൽ കുടുക്കി പുത്തൻപുരക്കൽ പി എം മോൻസി(30)യെ സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. വിൽപനക്കായി ഒഎൽഎക്സിലിട്ട കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ വാങ്ങിയാണ് ഡ്രൈവർ സീറ്റിന്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചത്. ശേഷം മോൻസി തന്നെ പൊലീസിന് രഹസ്യവിവരം നൽകുകയായിരുന്നു.
പുൽപ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറിൽ എംഡിഎംഎ കടത്തുന്നുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഉടൻ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനിൽ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിൽ നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.
എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവരുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. ഒഎൽഎക്സിൽ വിൽപ്പനക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവൺ എന്നൊരാൾക്ക് കൊടുക്കാൻ പോയതാണെന്ന് പറഞ്ഞു. ഉറപ്പുവരുത്താനായി ശ്രാവണിന്റെ നമ്പർ വാങ്ങി പൊലീസ് വിളിച്ചു നോക്കിയപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതാണ് നിർണ്ണായകമായത്.
ഇതിൽ സംശയം തോന്നിയ പൊലീസ് നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി ഇയാളെ പിടികൂടി. ഇതോടെ സത്യം പുറത്തായി. ശ്രാവൺ എന്നത് മോൻസിയുടെ കള്ളപേരാണ് എന്നും ബാദുഷക്ക് ദമ്പതികളോടുള്ള വിരോധം മൂലം കേസിൽ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോൻസിക്ക് പണം നൽകി കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെക്കാൻ നിർദ്ദേശിക്കുകയുമായിരുന്നെന്നും പൊലീസ് കണ്ടെത്തി.