കാസർകോട്: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കാസർകോട് മൂളിയാറിലാണ് സംഭവം. തൊടുപുഴയിലെ ശരത്തിന്റെ ഭാര്യയും മൂളിയാർ അർളടുക്ക കോപ്പാളം കൊച്ചിയിലെ ബിന്ദുവും മകൾ ശ്രീനന്ദയുമാണ് മരിച്ചത്. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ ബിന്ദു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു കൈഞെരമ്പു മുറിച്ച് വീട്ടുമുറ്റത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകൻ സുരക്ഷിതനാണ്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിനെ അവശനിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തി. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇടുക്കിയിലാണ് ബിന്ദുവിന്റെ ഭർതൃവീട്.

ഭർത്താവ് ശരത്ത് സ്വിറ്റ്‌സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു രണ്ട് ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. ആറു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂർ പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീഹരിയാണ് ശരത്ബിന്ദു ദമ്പതികളുടെ മറ്റൊരു കുട്ടി. കോപ്പാളംകൊച്ചിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണു ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.