ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 37കാരിയായ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്തായ കാൻപുർ സ്വദേശി അറസ്റ്റിൽ. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസിക്കുന്ന മലയാളി നഴ്സ് ടി.എം. മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ദീപക് കട്ടിയാർ(31)നെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഹലാൽപുർ ബസ് സ്റ്റാൻഡിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

അഞ്ചുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും കഴിഞ്ഞവർഷം ഏപ്രിലിൽ മറ്റൊരു യുവതിയുമായി ദീപക്കിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതോടെ ഇരുവർക്കുമിടയിൽ കലഹം ആരംഭിച്ചു. തുടർന്നാണ് യുവതിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രതി, ഇതിന് മുന്നോടിയായി ഫ്ളാറ്റിൽ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. ഏതാനുംദിവസങ്ങളായി ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബുധനാഴ്ച വൈകിട്ടോടെ പ്രതി നഴ്സിനെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. തുടർന്ന് ഇരുവരും ശാരീരികബന്ധത്തിലേർപ്പെട്ടു. തന്റെ ജീവിതത്തിൽനിന്ന് മാറിനിൽക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയാണ് മായയെ അബോധാവസ്ഥയിൽ ദീപക് ആശുപത്രിയിലെത്തിച്ചത്. യുവതി തലചുറ്റി വീണെന്നും പിന്നാലെ അബോധാവസ്ഥയിലായെന്നുമാണ് ദീപക് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ, ആശുപത്രിയിലെത്തിക്കും മുൻപേ യുവതിയുടെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ പ്രതിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷമാണ് പ്രതി മൃതദേഹവുമായി ആശുപത്രിയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട മായ 11 വയസ്സുള്ള മകനോടൊപ്പം ഭോപ്പാലിലെ ബാവഡിയ കാലാനിലാണ് താമസം. ഇവിടത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലിചെയ്തിരുന്നത്. അഞ്ചുവർഷം മുൻപ് ലാൽഘാട്ടിയിലെ മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മായയും ദീപകും പരിചയപ്പെടുന്നത്. ഇതേ ആശുപത്രിയിലെ അഡ്‌മിനിസ്ട്രേഷൻ ഇൻ-ചാർജായിരുന്നു പ്രതി.

ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ ദീപക് ലാൽഘാട്ടിയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നഴ്സ് ഈ ഫ്ളാറ്റിൽ ഇടയ്ക്കിടെ വന്നിരുന്നു. ബുധനാഴ്ച വൈകിട്ടും ദീപക്കിനെ കാണാനായി യുവതി ഫ്ളാറ്റിലെത്തി. തുടർന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി നാലുമണിക്കൂറോളം മൃതദേഹം ഫ്ളാറ്റിൽ സൂക്ഷിച്ചു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.