- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റിട്ട.ഡോക്ടർക്ക് ‘വിവാഹം’; 6 ലക്ഷം തട്ടി വധുവും കൂട്ടരും മുങ്ങി
കോഴിക്കോട്: റിട്ടയേർഡ് ഡോക്ടറെ പുനർവിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച യുവാവ് ഡോക്ടറുടെ വിവാഹം നടത്തിയ ശേഷം ആറ് ലക്ഷം രൂപയും ഫോണും ലാപ്‌ടോപ്പും അടിച്ചു മാറ്റി നവവധുവിനൊപ്പം മുങ്ങി. ഡോക്ടറെ ഹോട്ടലിലെത്തിച്ച് വിവാഹം നടത്തിയ ശേഷമായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. പൊലീസ് പറയുന്നത്: മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ശേഷം വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന ഡോക്ടറാണ് കബളിപ്പിക്കലിന് ഇരയായത്.
ഈ ക്ലിനിക്കിലെത്തിയപ്പോൾ പരിചയപ്പെട്ട യുവാവാണു ഡോക്ടറെ പുനർവിവാഹത്തിനു നിർബന്ധിച്ചത്. വിവാഹക്കാര്യം പല തവണ സംസാരിച്ചപ്പോൾ ഡോക്ടർ വിവാഹത്തിനു സമ്മതിച്ചു. തുടർന്നു യുവാവും സംഘവും കാസർകോട്ടു നിന്ന് യുവതിയെ എത്തിച്ചാണ് തട്ടിപ്പിന് കളം ഒരുക്കിയത്. ഡോക്ടർക്കു യുവതിയെ ഇഷ്ടമായ സാഹചര്യത്തിൽ നഗരത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. അവിടെ യുവതിയുടെ ബന്ധുക്കൾ എന്നു പരിചയപ്പെടുത്തിയ ചിലർ കൂടി എത്തി. തുടർന്നു വിവാഹം ഉറപ്പിക്കുകയും 'വധുവിനെയും വരനെയും' രണ്ടു മുറികളിലായി താമസിപ്പിക്കുകയും ചെയ്തു.
'നവദമ്പതികൾക്ക്' ഒന്നിച്ചു താമസിക്കാൻ നഗരത്തിൽ വാടകവീട് ഏർപ്പാടാക്കാമെന്നു പറഞ്ഞ സംഘം ഡോക്ടറുടെ മുറിയുടെ വാതിൽ പുറത്തു നിന്നു പൂട്ടിയാണ് അന്നു രാത്രി സ്ഥലം വിട്ടത്. പിറ്റേന്നു വീണ്ടും എത്തിയ സംഘം, നടക്കാവിൽ പണയത്തിനു വീട് ഏർപ്പെടുത്തിയതായും, ഇതിന് ആറു ലക്ഷം രൂപ മുൻകൂർ ആയി നൽകണമെന്നും അറിയിച്ചു. യാതൊരു സംശയവും തോന്നാതിരുന്ന ഡോക്ടർ പണം കൈമാറുകയും ചെയ്തു.
ഇതിനു ശേഷം യുവതിയും ബന്ധുക്കളുമൊത്ത് വീടുകാണാൻ പോകുന്നതിനിടയിൽ തൊട്ടടുത്ത ആരാധനാലയത്തിൽ കയറുന്നതിനായി ഡോക്ടർ ഫോണും ലാപ്‌ടോപും അടങ്ങിയ ബാഗും സംഘത്തിനു കൈമാറി. തിരിച്ചെത്തിയപ്പോൾ സംഘം സ്ഥലംവിട്ടിരുന്നു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.