ലണ്ടൻ: ക്രൂരതയുടെ പര്യായമായി മാറിയ നിക്കോളാസ് മെറ്റ്സൺ എന്ന 28 കാരന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തന്റെ സ്വന്തം ഭാര്യയെ നാലു തവണ കുത്തി കൊലപ്പെടുത്തിയ ഈ നീചൻ പിന്നീട് ശരീര ഭാഗങ്ങൾ 224 കഷ്ണങ്ങളായി വെട്ടി നുറുക്കി ഒരു പ്ലാസ്റ്റിക് ബാഗിലാക്കി നദീതീരത്ത് ഉപേക്ഷിക്കുകയായിരുന്നു. 26 കാരിയായ ഹോളി ബ്രേംലിയായിരുന്നു അതിദാരുണമായി കൊല്ലപ്പെട്ടത്. ചുരുങ്ങിയത് 19 വർഷവും 316 ദിവസങ്ങളും ജയിലിൽ കഴിഞ്ഞാൽ മാത്രമെ ഇയാൾക്ക് പരോൾ ലഭിക്കുന്നതിനുള്ള സാധ്യതയുള്ളു.

16 മാസം മാത്രം നീണ്ട ദാമ്പത്യം പൊട്ടിത്തെറിയിൽ എത്തിയതിനെ തുടർന്ന് ചില വെൽഫയർ സംഘടനകളായിരുന്നു ബ്രേംലിയുടെ കാര്യത്തിൽ ആശങ്കയുയർത്തിയത്. തുടർന്ന് അന്വേഷിക്കാൻ എത്തിയ പൊലീസിനോട് അവൾ കിടക്കക്കടിയിൽ ഒളിച്ചിരിക്കുകയായിരിക്കും എന്നായിരുന്നത്രെ മെറ്റ്സൺ തമാശയായി പറഞ്ഞത്. 2023 മാർച്ചിലായിരുന്നു ഇയാൾ ഭാര്യയേയും അവരുടേ വളർത്തു നായയെനും അതിക്രൂരമായി കൊല ചെയ്തത്.

ഭാര്യയെ കൊല്ലുന്നതിനു മുൻപ് തന്നെ ഇയാൾ, അവർ പുതിയതായി വാങ്ങിയ പട്ടിക്കുട്ടിയെ വാഷിങ് മെഷീനിൽ ഇട്ടതായി ചില വൃത്തങ്ങൾ പറയുന്നു. വാഷിങ് മെഷീൻ തുറന്നു നോക്കിയ ബ്രേംലിയായിരുന്നു പട്ടിക്കുട്ടി മരിച്ചതായി കണ്ടെത്തിയത്. മെഷീന്റെ ഡ്രം അപ്പോഴും കറങ്ങുകയായിരുന്നത്രെ. മറ്റൊരവസരത്തിൽ, താൻ വളർത്തുന്ന വെള്ളെലികളെ മാറ്റ്സൺ കൊന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചതായി ബ്രേംലി തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു.മാത്രമല്ല, തന്റെ പ്രിയപ്പെട്ട മുയലിനെ ഭർത്താവിൽ നിന്നും രക്ഷിക്കുന്നതിനായി ഒരിക്കൽ അവർക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഓടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

വിചാരണിക്കിടെ ഒരിക്കൽ പോലും തൻ എന്തിനാണ് ഭാര്യയെ കൊന്നതെന്ന് മാറ്റ്സൺ വെളിപ്പെടുത്തിയില്ല എന്ന് ജഡ്ജി നിരീക്ഷിച്ചു. എന്തിനു വേണ്ടിയായിരുന്നു അവർ കൊല്ലപ്പെട്ടതെന്ന് അവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അജ്ഞാതമായി തുടരുകയാണ്. മാത്രമല്ല, ശരീരം 224 കഷ്ണങ്ങളായി മുറിച്ചു മാറ്റി എന്നത് അതീവ നിന്ദ്യവും, ഭീകരവുമായ പ്രവൃത്തിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. മെറ്റൺ ഓട്ടിസം ബാധിച്ച വ്യക്തിയാണെന്ന വാദമൊന്നും ഈ പ്രവൃത്തിയെ ന്യായീകരിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

ബ്രേംലിയുടെ കഴുത്തിൽ മുറുക്കി പിടിച്ച് മെറ്റ്സൺ നാലു തവണ അവരെ കുത്തിയതായി പ്രോസിക്യൂഷൻ കോടതിൽ ബോധിപ്പിച്ചു. അയാളുടെ കൈയിൽ കടിയേറ്റ പാടുണ്ടായിരുന്നു. അത് കാണിച്ച് പൊലീസിനോട് താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന് അയാൾ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, തന്നെ അടക്കം പിടിച്ച ക്രൂരനായ മനുഷ്യനിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടെ ബ്രേംലി കടിച്ചതാവാം എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേർന്നത്.

പതിനാലാം നിലയിലെ ഫ്ളാറ്റിൽ ഒരാഴ്‌ച്ചയോളം അയാൾ ബ്രേംലിയുടെ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചതിന് ശേഷമാണ് അത് അവിടെനിന്നും നീക്കം ചെയ്യാൻ തന്റെ സ്‌കൂൾ കാലത്തെ സുഹൃത്തായ ജോഷ്വാ ഹാൻകോക്കിന്റെ സഹായം തേടിയത്. ഇതിനായി ജോഷ്വക്ക് ഇയാൾ 100 പൗണ്ട് നൽകുകയും ചെയ്തു. ഇരുവരും ചേർന്ന് ആ ബാഗ് പത്ത് മൈൽ അകലെയുള്ള ബാസിങ്ഹാം ഗ്രാമത്തിൽ എത്തിക്കുകയും വിഥാം നദിയുടെ തീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു.