- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാനൂരിലേത് 'ഭീകര പ്രവർത്തനം' തന്നെ; ഗോവിന്ദനെ പൊളിച്ച് പൊലീസ്
കണ്ണൂർ: പാനൂരിലെ ബോംബ് നിർമ്മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട് സിപിഎമ്മിനെ ആകെ വെട്ടിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ് ഈ റിപ്പോർട്ട് നൽകുന്നത്. ഇതോടെ സിപിഎം ഇതുവരെ ഉയർത്തിയ പ്രതിരോധം തകരുകയാണ്. അക്ഷരാർത്ഥത്തിൽ ഡി വൈ എഫ് ഐയെ കുറ്റപ്പെടുത്തുന്നാണ് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. ബോംബ് നിർമ്മാണത്തിലെ ഗൂഢാലോചനയും അന്വേഷിച്ചേക്കും.
സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ 6, 7 പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്‌ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ പകയാണ് ബോംബ് നിർമ്മാണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സിപിഎം ആർഎസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലുമെങ്കിലും ഇവർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് പ്രതികൾ ബോംബ് നിർമ്മിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ സൂചന നൽക്കുന്നത്. ഇതോടെ ബോംബ് നിർമ്മാണം തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകും. വടകരയിലും കണ്ണൂരിലും ഈ വിഷയം ആളിക്കത്തി കഴിഞ്ഞു. പൊലീസാണ് എല്ലാം പറയുന്നതെന്നത് സിപിഎമ്മിനേയും വെട്ടിലാക്കിയിട്ടുണ്ട്.
ബോംബ് നിർമ്മാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായി. ഇനി ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തണം. ഇതിന് പൊലീസിന് രാഷ്ട്രീയാനുമതി കിട്ടുമോ എന്നതും നിർണ്ണായകമാണ്.
ദൃക്‌സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസ് ആശ്രയിച്ചിരിക്കുന്നത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികൾ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകയ്യെടുത്തു. സ്‌ഫോടനം നടന്നയുടൻ അമൽബാബു സ്ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിച്ചു. സംഭവസ്ഥലത്തു മണൽ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനു ചെന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ വാദം പൊളിക്കുന്ന പരാമർശങ്ങളാണിവ.
റിമാൻഡ് റിപ്പോർട്ടോടെ സിപിഎം കുടത്ത പ്രതിരോധത്തിലായി. സംഭവസ്ഥലത്തിനടുത്തുനിന്ന് കണ്ടെടുത്ത ബോംബുകൾ പ്രതികൾ നിർമ്മിച്ചതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ബോംബ് നിർമ്മാണ സാമഗ്രികൾ എവിടെനിന്ന് ലഭിച്ചെന്നു കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
ബോംബ് നിർമ്മാണ സ്‌ഫോടന കേസിലെ പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. അന്വേഷണം കേന്ദ്ര ഏജൻസിയായ എൻഐഎയ്ക്ക് വിടണമെന്ന അഭിപ്രായം ശക്തമാണ്. ബോംബ് നിർമ്മാണത്തെ ഭീകരതയായി കാണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാൽ ഇതിനുള്ള സാധ്യത കുറവാണ്.
അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉള്ളവർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് ശുപാർശ നൽകിയേക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.