കൊല്ലം: പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പ്രതിക സമർപ്പണത്തിന് മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കടപ്പാക്കട റെയിൽവേ മേൽപ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോർജ് വിലസിയിരുന്നത് ബസേലിയോസ് മാർത്തോമാ യാക്കോബ് പ്രഥമൻ ബാവ എന്ന പേരിൽ.ഇയാളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ കാതോലിക്കാ ബാവ എന്ന ബോർഡും സ്ഥാപിച്ചിരുന്നു. ഇയാളുടെ വാസ സ്ഥലത്തേയ്ക്കുള്ള പ്രവേശന കവാടത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയുടെ ആസ്ഥാനം എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, കോട്ടയം ദേവലോകം കേന്ദ്രീകരിച്ചുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ മറ്റൊരു പേരാണ് ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്ന കാര്യം പലർക്കും അറിയാത്തതും ഇയാളുടെ മെത്രാൻ വേഷതട്ടിപ്പിന് വളമായി. യഥാർഥ കാതോലിക്കാ ബാവായാണ് ജെയിംസ് ജോർജ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു പലരും ഇയാളുടെ തട്ടിപ്പിന് ഇരയായാക്കപ്പെട്ടത്.

ജെയിംസ് ജോർജ് നടത്തിവ ന്നിരുന്ന മോഡേൺ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മുകൾ നിലയിൽ ഒരു പള്ളിയും സ്ഥാപിച്ചിരുന്നു. ഇവിടെ ചിലരെ വൈദികരായി നിയമിച്ചു. പ്രതിമാസം പതിനായിരം രൂപ നിരക്കിൽ ശമ്പളം നല്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇവർക്ക് ഭക്ഷണം മാത്രമെ നല്കിയിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. നല്കാമെന്ന് പറഞ്ഞ തുക ലഭിക്കാതെ വന്നതോടെ കുപ്പായവും വലിച്ചെറിഞ്ഞ് ഇവർ രക്ഷപ്പെട്ടു.

ഇതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.ജയിൽ മോചിതനായി പുറത്തു വന്നതിന് ശേഷം തമിഴ്‌നാട്ടിലെ ഈറോഡിന് സമീപത്തെ ഫാമിൽ മുട്ട കോഴി കൃഷിയുമായി കഴിഞ്ഞു വരവെയാണ് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കേസിൽ ഇയാളുടെയും ഭാര്യ സീമയുടെയും ഉടമസ്ഥതയിലുള്ള 1.6 കോടി രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ വസ്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഈ കേസിൽ നിന്നും രക്ഷപ്പെടുന്നതിനായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എ മുന്നണിയിൽ കയറി കൂടാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ആദ്യ പടിയായിട്ടാണ് കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തതെന്നാണ് വിവരം.