കൽപറ്റ: ജെ.എസ്.സിദ്ധാർഥൻ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഫൊറൻസിക് ടീം വയനാട്ടിലെത്തുന്നതുകൊലപാതക സാധ്യതകളിൽ തെളിവ് കണ്ടെത്താൻ. പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ സിദ്ധാർഥൻ മരിച്ചുകിടന്ന ശുചിമുറി, സിദ്ധാർഥനു മർദനമേറ്റ സ്ഥലങ്ങൾ എന്നിവ സംഘം പരിശോധിക്കും. കൽപറ്റ ഡിവൈഎസ്‌പിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. സിബിഐ അന്വേഷണ സംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളും വയനാട്ടിൽ എത്തും. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണു തീരുമാനം. അതിനിടെ ഇടതു അദ്ധ്യാപക സംഘടനയും വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയും കരുതലുകളുമായി രംഗത്തുണ്ട്.

കേസിൽ അദ്ധ്യാപകർ ആരും പ്രതികളാകാതിരിക്കാനാണ് അദ്ധ്യാപക സംഘടനയുടെ ശ്രദ്ധ. എസ് എഫ് ഐ നേതാവ് ആർഷോയ്‌ക്കെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിൽ വൈകാരികത മാത്രമേയുള്ളൂവെന്ന ഉറപ്പിക്കാനാണ് നീക്കം. ആർഷോയ്‌ക്കെതിരെ ആരും മൊഴി നൽകരുതെന്ന സന്ദേശം എല്ലാർക്കും നൽകിയിട്ടുണ്ട്. പൂക്കോട് ആർഷോ എത്തിയോ എന്ന് സിബിഐ അന്വേഷിക്കും. അങ്ങനെ അന്വേഷണം നടന്നാലും അതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് തെളിയിക്കാനാകും ശ്രമിക്കുക. ഇതിനുള്ള കരുതൽ എല്ലാം എടുത്തു കഴിഞ്ഞു. പഴയ ഡീൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനാണ് നീക്കം.

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം നിർണ്ണായക നീക്കത്തിലാണ്. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും പൂക്കോട് കോളജിൽ എത്തുമെന്ന് സൂചന. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരോട് ഹാജരാകാൻ നിർദ്ദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദ്ദേശം. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്കു മാറ്റും. അതിവേഗ കുറ്റപത്രമാണ് സിബിഐ ലക്ഷ്യമിടുന്നത്. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ മൊഴികൾ പരിഗണിച്ചാകും അന്വേഷണം.

പൂക്കോട് വെറ്ററിനറി കോളജ് അധികൃതരിൽനിന്ന്, ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട്, വിദ്യാർത്ഥികളുടെ മൊഴികൾ ഉൾപ്പെടെ പരിഭാഷ ചെയ്ത രേഖകൾ എന്നിവ സിബിഐ സംഘം ശേഖരിച്ചു. വൈത്തിരിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ മൊഴി നൽകാൻ സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് എത്തിയിരുന്നു. കൈവശമുള്ള തെളിവുകൾ സംഘത്തിനു കൈമാറിയതായും ബോധ്യങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സിബിഐയ്ക്കും തെളിവ് കൊടുത്തിട്ടുണ്ട്.

സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽകും. അദ്ധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്താനാണ് സാധ്യത. എസ്‌പി. സുന്ദർവേലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയത്. വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിന്റെ ക്യമ്പ് ഓഫീസ്.