കുമളി: തേക്കടിയിൽ വിനോദ സഞ്ചാരത്തിനെത്തി മൊബൈൽ കടയിൽ നിന്ന് 1,60,000 രൂപ വില വരുന്ന രണ്ട് ഐ ഫോണുകളടക്കം മോഷ്ടിച്ച് മുങ്ങിയ സ്വകാര്യ ബാങ്ക് മാനേജറായ പ്രതി അറസ്റ്റിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി ദീപക് മനോഹരൻ (34) ആണ് ഈ മാസം 7ന് സുഹൃത്തുക്കൾക്കൊപ്പം തേക്കടി സന്ദർശനത്തിന് എത്തിയപ്പോൾ അതിവിദഗ്ധമായി മോഷണം നടത്തിയത്.

തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തേക്കടി സന്ദർശനം പൂർത്തിയാക്കി ഏഴാം തീയതി രാത്രിയാണ് മടങ്ങിയത്. മടക്കയാത്രയ്ക്കിടെ തനിക്ക് ഒരു ഫോൺ വാങ്ങണമെന്ന ദീപക്കിന്റെ ആഗ്രഹപ്രകാരം സംഘം രാത്രി ഏഴരയോടെ തേക്കടി കവലയിലുള്ള ഇമേജ് മൊബൈൽ ഗാലറി എന്ന സ്ഥാപനത്തിൽ എത്തി. ഈ സമയം കടയുടമ ജിബിൻ പുറത്തുപോയിരുന്നു. ദീപക് ഫോണിന്റെ വിലകളും മറ്റും ചോദിച്ചതല്ലാതെ ഫോൺ വാങ്ങാതെ മടങ്ങി.

കടയുടമ ജിബിൻ തിരികെ വന്ന് ഒരു റീചാർജ് ചെയ്യാൻ നോക്കിയപ്പോൾ കടയിൽ വച്ചിരുന്ന തന്റെ ഫോൺ കാണാനില്ല. അപ്പോൾ തന്നെ അടുത്തുള്ള കടയിലെ സുഹൃത്തിന്റെ ഫോണിൽ നിന്നും വിളിച്ചപ്പോൾ റിങ് ഉണ്ടായിരുന്നു. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. കുറേ തവണ ശ്രമിച്ചപ്പോൾ ഇടയ്ക്ക് കോൾ ഡിസ്‌ക്കണക്റ്റ് ചെയ്തു. സംശയത്തെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മാന്യനായ കള്ളൻ ഫോൺ മോഷ്ടിച്ചുകൊണ്ട് പോകുന്നത് കണ്ടത്.

ഉടൻ തന്നെ കുമളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെയും വിവരം കൈമാറി. പൊലീസ് മൊബൈൽ ലൊക്കേഷൻ വച്ച് ഉടനടി പരിശോധന നടത്തിയെങ്കിലും അതിനുള്ളിൽ മോഷ്ടാവ് സുരക്ഷിതമായി സംസ്ഥാന അതിർത്തി കടന്നിരുന്നു.

മോഷ്ടാവ് വിനോദ് സഞ്ചാരിയായിരുന്നു എന്ന് ഉറപ്പാക്കിയ പൊലീസ് രണ്ട് ദിവസം കുമളിയിലെ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി. ഈ പരിശോധനയിൽ ഇയാൾ പല കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

പിന്നീട് അന്വേഷണം വാഹനവുമായി ബന്ധപ്പെട്ടായിരുന്നു. വാഹനം തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയുടേതാണെന്ന് മനസിലായതോടെ അന്വേഷണം തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചാക്കി. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.