സിഡ്നി: സിഡ്നിയിലെ തിരക്കേറിയ ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ ആക്രമണം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് കുത്തേറ്റു. ഷോപ്പിങ് മാളിൽ നടന്ന കത്തി കൊണ്ടുള്ള ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലാണ് ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധിപേരാണ് മാളിലുണ്ടായിരുന്നത്.

വെടിയേറ്റു മരിച്ച വ്യക്തി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ തീവ്രവാദികളല്ലെന്നും ഇനി ഭയപ്പെടേണ്ട കാര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ മാളിനു ചുറ്റും നിരവധി ആംബുലൻസുകളും പൊലീസ് വാഹനങ്ങളും തമ്പടിച്ചു.

ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അപലപിച്ചു. എല്ലാ ഓസ്ട്രേലിയക്കാരുടെയും ചിന്തകൾ ഈ ആക്രമണം ബാധിച്ചവരോടും അവരുടെ പ്രിയപ്പെട്ടവരോടും കൂടിയാണെന്ന് ആന്റണി അൽബനീസ് പറഞ്ഞു.

ആക്രമണത്തെത്തുടർന്ന് പലരും മാളിലെ സൂപ്പർമാർക്കറ്റിലാണ് അഭയംതേടിയത്. ഏകദേശം ഒരുമണിക്കൂറോളം ജനങ്ങൾ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. ബോണ്ടി ജംഗ്ഷനിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ നിന്ന് ജനക്കൂട്ടം ഓടിപ്പോകുന്നത് കാണാമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ, മാളിൽനിന്നുള്ള ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്നതും പലരും പരിക്കേറ്റ് തറയിൽകിടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന കാഴ്ചയാണ് മാളിൽ കാണാനായതെന്ന് ഒരു ദൃക്സാക്ഷിയും പ്രതികരിച്ചു.

ആക്രമണത്തെ തുടർന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ആന്റണി കുക്ക് പറഞ്ഞു.

ഷോർട്ട്സും സ്പോർട്സ് ജേഴ്സിയും ധരിച്ചെത്തിയ അക്രമി രക്തം പുരണ്ട കത്തിയുമായി മാളിനുള്ളിൽ നിൽക്കുന്ന ചിത്രങ്ങളും ഫൂട്ടേജുകളും പുറത്തുവന്നു. സംഭവസ്ഥലത്ത് നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകളും വിവരങ്ങളും സൂചിപ്പിക്കുന്നത് അക്രമിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നെന്നാണ്.

സംഭവങ്ങൾ നടക്കുമ്പോൾ വിശാലമായ ഷോപ്പിങ് സെന്റർ സാധനങ്ങൾ വാങ്ങാനെത്തിയവരാൽ നിറഞ്ഞിരുന്നു. നൂറുകണക്കിന് ആളുകളെ ഷോപ്പിങ് സെന്ററിൽ നിന്ന് ഒഴിപ്പിച്ചതായി ലൊക്കേറ്റഡ് മീഡിയ റിപ്പോർട്ട് ചെയ്തു, സോഷ്യൽ മീഡിയ പോസ്റ്റുകൾ ജനക്കൂട്ടം ഓടിപ്പോകുന്നതും പൊലീസ് കാറുകളും എമർജൻസി സർവീസുകളും പ്രദേശത്തേക്ക് കുതിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

സംഭവത്തെത്തുടർന്ന് ഷോപ്പിങ് മാൾ അടച്ചിട്ടുണ്ട്. ജനങ്ങൾ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എന്താണ് ആക്രമണത്തിന് പ്രേരണയായതെന്നോ ഇതുവരെ വ്യക്തമല്ല.

വീഡിയോ ഫൂട്ടേജുകൾ സംഭവസ്ഥലത്ത് ഡസൻ കണക്കിന് പൊലീസും ആംബുലൻസ് വാഹനങ്ങളും കാണിക്കുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ ഒന്നിലധികം ആളപായങ്ങളും ഒരു വലിയ കത്തിയുമായി നിൽക്കുന്ന ഒരാളെയും കാണിക്കുന്നുണ്ട്. അക്രമിയെന്ന് കരുതുന്ന ഒരാൾ പൊലീസ് വെടിയേറ്റ് മരിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി.