ചെന്നൈ: യുവതിയെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ യുവതിയുടെ സഹോദരൻ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് അടിച്ചുകൊലപ്പെടുത്തി. തിരുവള്ളൂരിൽ ഓഡിറ്ററായി ജോലിചെയ്യുന്ന റോബർട്ട്(46) ആണ് കൊല്ലപ്പെട്ടത്. പ്രതി മൗലി(23)യെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ആൾ വിമൻ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് റോബർട്ടിനെ വിളിച്ചുവരുത്തി പ്രശ്നം പരിഹരിച്ച് വിട്ടയച്ചശേഷമാണ് കൊലപാതകം നടന്നത്.

ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചകൾക്ക് ശേഷം സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ റോബർട്ടിനെ പ്രതി തടഞ്ഞുവെയ്ക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മൂന്നുതവണ തലയ്ക്കടിയേറ്റ റോബർട്ട് കുഴഞ്ഞുവീണു. മൂക്കിൽനിന്നും വായിൽനിന്നും ചോരയൊലിക്കുന്നനിലയിൽ നിലത്തുകിടന്ന ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട റോബർട്ടിന്റെ ഓഫീസും പരാതിക്കാരി ജോലിചെയ്യുന്ന സ്ഥാപനവും ഒരേ കെട്ടിടത്തിലാണ്. റോബർട്ട് നിരന്തരം ശല്യംചെയ്യുന്നതായും അശ്ലീലപദപ്രയോഗങ്ങൾ നടത്തുന്നതായുമാണ് യുവതി പരാതിപ്പെട്ടിരുന്നത്. പലതവണ താക്കീത് നൽകിയിട്ടും ഇയാൾ ഇത് തുടർന്നതോടെ യുവതി ആൾ വിമൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് റോബർട്ടിനെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും സ്റ്റേഷനിലെത്തി. പൊലീസ് റോബർട്ടിന് താക്കീത് നൽകി. ഇതോടെ ഇനി യുവതിയെ ശല്യംചെയ്യില്ലെന്ന് റോബർട്ട് എഴുതിനൽകുകയുംചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയതോടെയാണ് യുവതിയുടെ ഇളയസഹോദരൻ റോബർട്ടിനെ ആക്രമിച്ചത്.

പ്രതിയായ സഹോദരൻ സ്റ്റേഷനിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേഷനിൽനിന്ന് മടങ്ങുകയായിരുന്ന റോബർട്ടിനെ ഇയാൾ തടയുകയും ഇരുവരും തമ്മിൽ വഴക്കിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി റോബർട്ടിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.