- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മരിച്ചയാളെ ബാങ്കിലെത്തിച്ച് വായ്പയെടുക്കാൻ ശ്രമം; യുവതി പിടിയിൽ
റിയോ ഡി ജനൈറോ: മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ട വയോധികന്റെ മൃതദേഹവുമായി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ബ്രസീലിയൻ നഗരമായ റിയോ ഡി ജനൈറോയിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് 68-കാരനായ പൗലോ റോബർട്ടോ ബ്രാഗ എന്നയാളുടെ മൃതദേഹം വീൽചെയറിലിരുത്തി ബാങ്കിലെത്തിയത്. തുടർന്ന് ഇദ്ദേഹത്തിന്റെ പേരിൽ 17,000 ബ്രസീലിയൻ റിയാൽ (ഏകദേശം 2.69 ലക്ഷം രൂപ) വായ്പയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
പൗലോ റോബർട്ടോയുടെ ബന്ധുവാണെന്നും പരിചാരകയാണെന്നും അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീൽചെയറിലായിരുന്നു. തുടർന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച് പൗലോ ഒപ്പിടേണ്ട ഘട്ടമെത്തിയപ്പോഴാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. വയോധികന്റെ കൈയിൽ പേന നൽകി ഒപ്പിടാൻ ശ്രമിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
വീൽചെയറിയിലിരിക്കുന്ന വയോധികൻ പിറകിലോട്ട് ചാഞ്ഞിരിക്കുന്നതും പിന്നീട് യുവതി തലയിൽ താങ്ങിപ്പിടിക്കുന്നതും കണ്ടതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും മെഡിക്കൽസംഘം പരിശോധന നടത്തുകയും ചെയ്തതോടെയാണ് വയോധികൻ മണിക്കൂറുകൾക്ക് മുൻപ് മരിച്ചിരുന്നതായി സ്ഥിരീകരിച്ചത്.
വയോധികന്റെ മരണം സംഭവിച്ചെന്ന് ബോധ്യമായിട്ടും ഇദ്ദേഹത്തിന്റെ പേരിൽ വായ്പയെടുത്ത് പണം കൈക്കലാക്കാനാണ് യുവതി ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വീൽചെയറിൽ വയോധികന്റെ മൃതദേഹവുമായെത്തി യുവതി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിറകിലോട്ട് തല ചാഞ്ഞിരിക്കുന്ന വയോധികനെ തലയിൽ താങ്ങി മുന്നോട്ടിരുത്തുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. തുടർന്ന് വയോധികന്റെ കൈയിൽ പേന നൽകി ഒപ്പിടാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. 'എനിക്ക് തലവേദനയുണ്ടാക്കാതെ ഇവിടെ ഒപ്പിടൂ' എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതോടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാരൻ ഇത് നിയമപരമായ നടപടിയല്ലെന്നും അദ്ദേഹത്തെ കണ്ടിട്ട് സുഖമില്ലെന്ന് തോന്നുന്നതായും യുവതിയോട് പറഞ്ഞു. എന്നാൽ, 'അദ്ദേഹം ഇങ്ങനെയാണ്' എന്നാണ് യുവതി മറുപടി നൽകിയത്.
സുഖമില്ലെങ്കിൽ താൻ ആശുപത്രിയിൽ കൊണ്ടുപോകാമെന്നും ഇനിയും ആശുപത്രിയിലേക്കുതന്നെ തിരികെപോകണോ എന്നും യുവതി ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, തട്ടിപ്പിൽ യുവതിക്ക് പുറമേ കൂടുതൽപേർക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.