ഭോപാൽ: അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണയിലാണ് 23 കാരിക്ക് അതിക്രൂരമായ പീഡനം നേരിടേണ്ടിവന്നത്. തന്നെ വിവാഹം ചെയ്യണമെന്നും യുവതിയുടെ പേരിലുള്ള കുടുംബസ്വത്ത് തന്റെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതി പൊലീസിന് മൊഴി നൽകി. അനധികൃതമായി മദ്യവിൽപന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

അമ്മയോടൊപ്പം താമസിച്ചിരുന്ന യുവതിയെ പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തു. ശരീരത്തിലെ മുറിവുകളിൽ മുളകുപൊടി തേക്കുകയും യുവതിയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായ ടേപ്പുപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു.

ഒരുമാസം മുമ്പാണ് പ്രതി യുവതിയെ തന്റെ വീട്ടിലേക്ക് കടത്തിക്കൊണ്ടുവന്നത്. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ച് യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു. യുവതിയുടെ അമ്മ ഇക്കാലത്ത് മറ്റൊരിടത്തായിരുന്നു. ചൊവ്വാഴ്ച രാത്രി ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി, സഹായം തേടി അഞ്ച് കിലോമീറ്ററോളം നടന്ന് കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി.

സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് പൊലീസ് ഞെട്ടി. പശ തേച്ചൊട്ടിച്ച യുവതിയുടെ ചുണ്ടുകളും വീർത്ത് വിങ്ങിയ കണ്ണുകളും ശരീരത്തിലെ മുറിപ്പാടുകളും ആരെയും ഞെട്ടിക്കുന്നതായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകളും എക്സൈസ് നിയമത്തിന്റെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ കുടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.