- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത;
കോഴിക്കോട്: വിവരാവകാശ റിപ്പോർട്ട് കിട്ടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നിലെ സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത. പീഡന കേസിൽ മൊഴിയെടുത്ത ഡോ. കെ.വി.പ്രീതി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. പതിനെട്ടിനാണ് കമ്മിഷണറുടെ ഓഫിസിന് മുന്നിൽ അതിജീവിത സമരം ആരംഭിച്ചത്. സമരം തുടങ്ങി ആറ് ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.
"ആറ് ദിവസമായി സമരം ആരംഭിച്ചിട്ട്. യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് റോഡിലേക്ക് സമരം മാറ്റിയത്. മുൻപും മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ ഇടപെട്ടതാണെന്നും എന്നാൽ യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും അതിജീവിത പറഞ്ഞു. മാനാഞ്ചിറയിൽ റോഡിലാണ് അതിജീവിതയുടെ പ്രതിഷേധം. അതിജീവിതയ്ക്ക് ഐക്യദാർഡ്യവുമായി സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ട്. അതിജീവിത നൽകിയ അപ്പീലിൽ വിവരാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത് ഇന്നാണെന്നും ആരോപണമുണ്ട്.
മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താൻ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാൻ ഡോക്ടർ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിൽ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് നൽകാൻ തയ്യാറായിരുന്നില്ല. ഒപ്പം നിന്ന നഴ്‌സിങ് ഓഫീസർ പി ബി അനിതയ്ക്കായി അതിജീവിത രണ്ടാഴ്ച മുമ്പ് കണ്ണുകെട്ടി സമരം നടത്തിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് ഡിജിപി നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അവർ ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചുമാണ് അന്വേഷണം. അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പരാതി തുടർ നടപടിക്കായി ഡിജിപിക്കു നൽകുകയായിരുന്നു.
എന്നാൽ റിപ്പോർട്ട് നേരിട്ടു നൽകാനാവില്ലെന്നും വിവരാവകാശ കമ്മിഷൻ ചെയർമാനു അപ്പീൽ നൽകിയാൽ റിപ്പോർട്ട് ലഭിക്കുമെന്നുമായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ മറുപടി. ഫെബ്രുവരി 9ന് വിവരാവകാശ കമ്മിഷണർക്ക് അതിജീവിത അപ്പീൽ ഹർജിയും നൽകിയതാണ്. അതിജീവിതയുടെ പരാതി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ സമരം തുടരും എന്ന നിലപാടിലാണ് അതിജീവിത.