ന്യൂഡൽഹി: പണം തട്ടിയെടുക്കാൻ ഫരീദാബാദിൽനിന്ന് ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ മഥുരയിൽ ഒളിവിൽ പാർപ്പിച്ചിരുന്ന ദമ്പതികൾ പിടിയിൽ. ഡൽഹിയിലെ ബാങ്ക് മാനേജരും ഫരീദാബാദ് സെക്ടർ 62-ലെ താമസക്കാരനുമായ സതീഷിനെയാണ് ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഹരിയാന പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘമാണ് തട്ടിക്കൊണ്ടുപോയ ബാങ്ക് മാനേജരെ രണ്ടുദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മാനേജരുടെ വീട്ടിൽ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

സതീഷിന്റെ വീട്ടിൽ മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഭൂപേന്ദ്രയായിരുന്നു തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാരൻ. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സതീഷിനെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലേക്കും പിന്നീട് മഥുരയിലേക്കുമാണ് പോയത്. സഹായത്തിനായി ഭാര്യയും മുൻസഹപ്രവർത്തകനായ രവീന്ദ്രയും ഭൂപേന്ദ്രയ്ക്കൊപ്പമുണ്ടായിരുന്നു. ഇതിൽ ഭൂപേന്ദ്രയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ രവീന്ദ്ര ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

സതീഷിനെ പ്രതികൾ തോക്ക് കൊണ്ട് മർദിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിൽനിന്ന് സതീഷിന്റെ ഭാര്യ കൈമാറിയ പണവും ഒരു പിസ്റ്റളും ഒരു നാടൻതോക്കും തിരകളും പൊലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാസങ്ങളായി ജോലിയില്ലെന്നും പണത്തിന് അത്യാവശ്യമായതിനാലാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതിയായ ഭൂപേന്ദ്രയുടെ മൊഴി. ബാങ്ക് മാനേജരായ സതീഷിന്റെ വീട്ടിലാണ് നാലുമാസം മുൻപ് വരെ ഭൂപേന്ദ്ര വാടകയ്ക്ക് താമസിച്ചിരുന്നത്. സതീഷിന്റെ ഭാര്യ സർക്കാർ ജീവനക്കാരിയാണ്. കുടുംബം സാമ്പത്തികമായി നല്ലനിലയിലുമാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്നതിനാൽ സതീഷിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഭൂപേന്ദ്ര പദ്ധതിയിട്ടത്. തുടർന്ന് ഭാര്യയെയും പെട്രോൾ പമ്പിലെ തന്റെ മുൻസഹപ്രവർത്തകനായ രവീന്ദ്രയെയും കൂട്ടി ഇയാൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യുകയായിരുന്നു.

സംഭവത്തിന് മൂന്നുദിവസം മുൻപുമുതൽ ഭൂപേന്ദ്രയും രവീന്ദ്രയും സതീഷിന്റെ വീടിന് സമീപമെത്തി നിരീക്ഷണം നടത്തിയിരുന്നു. രാത്രി പോലും സതീഷിന്റെ വീടിന്റെ പ്രധാന വാതിൽ അടയ്ക്കാറില്ലെന്ന് ഭൂപേന്ദ്രയ്ക്ക് നേരത്തെ അറിയാമായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി ഭൂപേന്ദ്ര വീട്ടിൽ അതിക്രമിച്ചുകയറുകയും തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവസമയം സതീഷും ഭാര്യയും ഇവരുടെ സുഹൃത്തായ അമിതുമാണ് വീട്ടിലുണ്ടായിരുന്നത്. അമിത് പ്രതിയെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്‌ത്തി. പിന്നാലെ മൂന്നുപേരുടെയും മൊബൈൽഫോണുകൾ പ്രതി കൈക്കലാക്കി. സതീഷിന്റെ കാറിന്റെ താക്കോലും പേഴ്സും പിടിച്ചുവാങ്ങി. തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സതീഷിനെ കാറിൽ കയറ്റുകയും ഈ കാറിൽ രോഹിണി ഭാഗത്തേക്ക് പോവുകയുമായിരുന്നു.

രോഹിണിയിൽവെച്ച് രവീന്ദ്രയും കാറിൽ കയറി. പിന്നാലെ സതീഷിന്റെ കാർ ഉപേക്ഷിച്ച പ്രതികൾ മറ്റൊരു കാറിൽ യാത്ര തുടർന്നു. കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണിതിരുകി പിൻസീറ്റിലാണ് സതീഷിനെ കിടത്തിയിരുന്നത്. യാത്രയ്ക്കിടെ സതീഷിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുകയുംചെയ്തു. ഫരീദാബാദിൽനിന്ന് ഹിമാചൽപ്രദേശിലെ ബിലാസ്പുരിലേക്കാണ് പ്രതികൾ സഞ്ചരിച്ചത്. ഭൂപേന്ദ്രയായിരുന്നു യാത്രയിലുടനീളം കാറോടിച്ചത്. കുടുംബമായി യാത്രചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഭൂപേന്ദ്രയുടെ ഭാര്യയെ മുൻസീറ്റിലിരുത്തിയിരുന്നു.

ഹിമാചലിൽ എത്തിയതിന് പിന്നാലെ പ്രതികൾ സതീഷിന്റെ കുടുംബത്തെ ഫോണിൽവിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. സതീഷിനെ വിട്ടയക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിനോടകം കുടുംബം പൊലീസിനെ വിവരമറിയിക്കുകയും ആറ് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിക്കുകയുംചെയ്തിരുന്നു. അതിനാൽ പ്രതികളുടെ ഫോൺകോൾ വന്നപ്പോൾ ക്രൈംബ്രാഞ്ച് സംഘവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കുടുംബാംഗങ്ങൾ പ്രതികളുമായി സംസാരിച്ചത്.

50 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇത്രയുംവലിയ തുക നൽകാനാവില്ലെന്നായിരുന്നു സതീഷിന്റെ കുടുംബം പ്രതികളെ അറിയിച്ചത്. ഇതോടെ ഭൂപേന്ദ്ര തുക അഞ്ച് ലക്ഷമാക്കി കുറച്ചു. ഇത് സതീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താൽമതിയെന്നും നിർദേശിച്ചു. എന്നാൽ, ഇത്രയും തുക തങ്ങളുടെ അക്കൗണ്ടിൽ ഇല്ലെന്നായിരുന്നു സതീഷിന്റെ കുടുംബാംഗങ്ങളുടെ മറുപടി. മോചനദ്രവ്യം പണമായി നൽകാമെന്നും ഇവർ പ്രതികളെ അറിയിച്ചു. ഇതോടെ ഒരുലക്ഷം രൂപ അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്യാനും ബാക്കി തുക പണമായി നേരിട്ട് കൈമാറാനുമാണ് ഭൂപേന്ദ്ര ആവശ്യപ്പെട്ടത്.

ഫരീദാബാദിന് സമീപം കേലി ബൈപ്പാസിൽവെച്ച് പണം കൈമാറാമെന്നും ധാരണയായി. തുടർന്ന് കഴിഞ്ഞദിവസം സതീഷിന്റെ ഭാര്യ പണവുമായി പ്രതി പറഞ്ഞ സ്ഥലത്തെത്തി. ഇവരിൽനിന്ന് പണം വാങ്ങിയശേഷം ഭൂപേന്ദ്ര കാറിൽ കയറിയതിന് പിന്നാലെ കാത്തിരുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ വളഞ്ഞു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സതീഷിനെ മഥുരയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് വ്യക്തമായത്. കൂട്ടുപ്രതിയായ രവീന്ദ്ര മഥുരയിലുണ്ടെന്നും ഇയാൾ മൊഴിനൽകി. പൊലീസ് സംഘം മഥുരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയപ്പോഴേക്കും രവീന്ദ്ര ഇവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന സതീഷിനെ പൊലീസ് മോചിപ്പിക്കുകയും തിരികെ ഫരീദാബാദിലേക്ക് കൊണ്ടുവരികയുമായിരുന്നു.