മുംബൈ: സിബിഐ.യിലെ സ്പെഷ്യൽ ഓഫീസറുടെ പേരിൽ നടത്തിയ സൈബർ തട്ടിപ്പിൽ മൾട്ടിനാഷണൽ കമ്പനിയുടെ മുൻ ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടിയോളം രൂപ. മുംബൈ സ്വദേശിനിക്ക് വാട്സാപ്പ് വഴിയുള്ള സൈബർ തട്ടിപ്പിലാണ് പണം നഷ്ടപ്പെട്ടത്. കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും ഇതിൽനിന്നൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ പലഘട്ടങ്ങളിലായി സ്ത്രീയിൽനിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കിയത്.

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടെന്നും ഫോൺനമ്പറുകളും ആധാർ കാർഡും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നും അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ട് പോകരുതെന്നും ഭീഷണിപ്പെടുത്തിയാണ് മുംബൈ സ്വദേശിനിയിൽ നിന്നും പണം തട്ടിയത്. ഫെബ്രുവരി ആറിനും ഏപ്രിൽ മൂന്നിനും ഇടയിലുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മുംബൈ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി ആറിന് ടെലികോം വകുപ്പിൽനിന്നാണെന്ന് പറഞ്ഞ് പരാതിക്കാരിക്ക് ഒരു വാട്സാപ്പ് കോൾവന്നു. നിങ്ങളുടെ പേരിലുള്ള മൂന്ന് മൊബൈൽനമ്പറുകൾ റദ്ദാക്കാൻ പോവുകയാണെന്നാണ് വിളിച്ചയാൾ പറഞ്ഞത്. കാരണം എന്താണെന്ന് തിരക്കിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് ഫോൺ കൈമാറാമെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാൾ കാരണം വിശദീകരിച്ചു. താങ്കളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുണ്ടെന്നും ഫോൺനമ്പറുകളും ആധാർ കാർഡും കേസുമായി ബന്ധപ്പെട്ട തെളിവുകളാണെന്നുമാണ് ഇയാൾ പറഞ്ഞത്.

പിന്നാലെ സിബിഐ. ഉദ്യോഗസ്ഥന് ഫോൺ കൈമാറാമെന്നും അറിയിച്ചു. സിബിഐ.യിലെ സ്പെഷ്യൽ ഓഫീസറായ രാജേഷ് മിശ്ര എന്ന് പരിചയപ്പെടുത്തിയാണ് മൂന്നാമത്തെയാൾ പരാതിക്കാരിയോട് സംസാരിച്ചത്. നേരത്തെ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പ്രദീപ് സാവന്ത് എന്നാണെന്നും ഇയാൾ പറഞ്ഞു. ഇരുവരുടെയും തിരിച്ചറിയൽ കാർഡുകളും വാട്സാപ്പിൽ അയച്ചുനൽകി. 6.8 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് പരാതിയുള്ളതെന്നും താങ്കളുടെ ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ചൈനയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഇയാൾ പരാതിക്കാരിയോട് പറഞ്ഞത്.

എന്നാൽ, തനിക്ക് ഇത്തരം കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പരാതിക്കാരി ആവർത്തിച്ച് പറഞ്ഞെങ്കിലും തട്ടിപ്പുകാർ വിട്ടില്ല. പ്രായമുള്ളതിനാൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നില്ലെന്നും പക്ഷേ, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം പിന്നീട് പരാതിക്കാരിയോട് പറഞ്ഞു. കേസിലെ മറ്റുപ്രതികളാണെന്ന് പറഞ്ഞ് ചിലരുടെ ഫോട്ടോകൾ അയച്ചുനൽകി. ഇവരെ ആരെയും അറിയില്ലെന്ന് സ്ത്രീ മറുപടി നൽകി. തുടർന്ന് കേസിനെ സംബന്ധിച്ച് ആരോടും വെളിപ്പെടുത്തരുതെന്നും തന്റെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ട് പോകരുതെന്നും നിർദ്ദേശം നൽകിയാണ് തട്ടിപ്പുസംഘം ഫോൺകോൾ അവസാനിപ്പിച്ചത്.

ഇതിനുശേഷം തട്ടിപ്പുസംഘം പരാതിക്കാരിക്ക് വാട്സാപ്പിൽ ഒരു കത്ത് അയച്ചുനൽകി. ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള നിർദേശമായിരുന്നു കത്തിലുണ്ടായിരുന്നത്. പണം നൽകിയില്ലെങ്കിൽ മൂന്നുകൊല്ലം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുമെന്നും കത്തിലുണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തയായ പരാതിക്കാരി 15.9 ലക്ഷം രൂപ പ്രസ്തുത അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് ഫെബ്രുവരി 9-ന് സിബിഐ. ഓഫീസറെന്ന് പരിചയപ്പെടുത്തിയ രാജേഷ് മിശ്ര പരാതിക്കാരിയെ വീണ്ടും വിളിച്ചു.

താങ്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഇത്തവണ തട്ടിപ്പുകാരൻ പറഞ്ഞത്. ഇത് ഒഴിവാക്കാനായി മ്യൂചൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിച്ച് ആ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്ന് തട്ടിപ്പുസംഘം നൽകിയ അക്കൗണ്ടിലേക്ക് ഇത് ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെട്ടു. അക്കൗണ്ടിലേത് കള്ളപ്പണമല്ലെന്ന് തെളിയിക്കാനായി ആകെ 5.7 കോടി രൂപ തങ്ങൾ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് കൈമാറണമെന്നായിരുന്നു ഇവരുടെ നിർദ്ദേശം.

തുടർന്ന് തന്റെ പേരിലുള്ള ചില ഓഹരികൾ വിറ്റഴിച്ചാണ് പരാതിക്കാരി ഈ പണം കൈമാറിയത്. ഇതിനുപിന്നാലെ തട്ടിപ്പുകാരുടെ നിർദേശമനുസരിച്ച് പലഘട്ടങ്ങളിലായി വീണ്ടും പണം നൽകി. ഇതിനായി സ്വർണം പണയംവെയ്ക്കുകയും അമ്മയുടെ പേരിലുള്ള ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു. ഏകദേശം 25 കോടിയോളം രൂപ ഇത്തരത്തിൽ കൈമാറിയതിന് പിന്നാലെ കേസ് തീർപ്പായെന്നും ഇതുസംബന്ധിച്ച് റിസർവ് ബാങ്കിൽനിന്ന് ഒരു രസീതി ലഭിക്കുമെന്നും തട്ടിപ്പുസംഘം പരാതിക്കാരിയെ അറിയിച്ചു.

അന്ധേരി പൊലീസ് സ്റ്റേഷനിൽ പോയാൽ ഈ രസീതി വാങ്ങാമെന്നായിരുന്നു തട്ടിപ്പുകാർ പറഞ്ഞിരുന്നത്. ഇതനുസരിച്ച് അന്ധേരി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് താൻ തട്ടിപ്പിനിരയായതാണെന്ന് പരാതിക്കാരിക്ക് ബോധ്യമായത്. തുടർന്ന് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.