കണ്ണൂർ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ലക്ഷ്മിയമ്മയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.

ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കോ പൊലീസിനോട് മനസിലായിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.