ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിലായി. രാജസ്ഥാൻ സ്വദേശി മഹേഷ് (22) ആണ് പിടിയിലായത്. മുൻവൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിൾ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തർക്കവും പ്രകോപനത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. ആവഡി മുത്താപുതുപ്പെട്ട് മിറ്റനമിലി ഗാന്ധി റോഡിൽ താമസിക്കുന്ന പാലാ സ്വദേശി ആയുർവേദ ഡോക്ടർ ശിവൻ നായർ (ശിവദാസൻ നായർ 71), എരുമേലി സ്വദേശിനി ഭാര്യ പ്രസന്നകുമാരി (62) എന്നിവരാണ് കൊലപ്പെട്ടത്.

ഞായറാഴ്ച സന്ധ്യയോടെയാണ് കൊലപാതകം നടന്നത്. ചികിത്സയ്‌ക്കെന്ന വ്യാജേന വീടിനോടു ചേർന്ന ക്ലിനിക്കിൽ പ്രവേശിച്ച മഹേഷ് പ്രസന്നകുമാരിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് പുറത്തേക്കിറങ്ങി വന്ന ശിവൻ നായരെയും ആക്രമിച്ചു വീഴ്‌ത്തി. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ സ്വഭാവദൂഷ്യം അറിഞ്ഞ പ്രസന്ന ഇയാളിൽ നിന്നും അകലം പാലിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്.

മഹേഷ് ചികിത്സയ്ക്കായി മുൻപും ക്ലിനിക്കിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സമീപത്തെ കടയിൽ ജോലി ചെയ്യുമ്പോൾ, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു പരാതി ഉയർന്നിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിർത്താൻ പ്രസന്നകുമാരി ശ്രമിച്ചിരുന്നു. തുടർന്നു കടയിലെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഇതിന്റെ പക മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയതെന്നാണു സൂചന. ഗൂഗിൾ പേ ഇടപാട് പ്രതി മുൻകൂട്ടി പദ്ധതിയിട്ടതാകാമെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു.

വൈകിട്ട് 5.15ന് ഇയാൾ വീടിനടുത്ത് എത്തുന്നതിന്റെയും തിരികെ പോകുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ സമയത്തു മകൻ ഹരി ഓംശ്രീ വീട്ടിലുണ്ടായിരുന്നതാകാം തിരികെ പോകാൻ കാരണമെന്നാണ് സംശയിക്കുന്നത്. മകൻ പോയെന്ന് ഉറപ്പിച്ച ശേഷം തിരികെയെത്തിയാണു കൊലപാതകം നടത്തിയത്.

ഇരുവരുടെയും ദേഹത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. പ്രസന്നകുമാരിയുടെ മൃതദേഹത്തിന് അരികിൽ നിന്നു കിട്ടിയ മൊബൈൽ ഫോണാണു പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. എട്ടു മണിയോടെ ഡോക്ടറെ കാണാൻ എത്തിയ സമീപവാസിയായ സ്ത്രീയാണ് കാർപോർച്ചിൽ ശിവൻ നായരുടെ മൃതദേഹം കണ്ടത്.

പാലാ പിഴക് മാനത്തൂർ പഴയകുളത്ത് കുടുംബാംഗമായ ശിവൻ നായർ വിമുക്തഭടനാണ്. എരുമേലി പുഷ്പവിലാസത്തിൽ പ്രസന്നകുമാരി ആർമി സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. 1997 മുതൽ ദമ്പതികൾ ആവഡിയിലാണു താമസം. ആയുർവേദ ഡോക്ടർമാരായ ശ്രീഗംഗ (ഓസ്‌ട്രേലിയ), ഹരി ഓംശ്രീ എന്നിവരാണ് മക്കൾ. മരുമകൾ വിദ്യ.

സൈന്യത്തിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ശിവൻ നായർ വിരമിച്ച ശേഷം ആയുർവേദ ഏജൻസി നടത്തിയിരുന്നു. എയർഫോഴ്‌സ് മലയാളി അസോസിയേഷൻ, എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ, ആവഡി എൻഎസ്എസ് എന്നിവയുടെയും സജീവ പ്രവർത്തകനായിരുന്നു.

ആയുധം തിരഞ്ഞ് പൊലീസ്
ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം നിർണായക തെളിവാകുമെന്നിരിക്കെ ഇതു കണ്ടെത്താൻ തീവ്രശ്രമത്തിലാണു പൊലീസ്. മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. ഇടുപ്പിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മുറിവിന്റെ ആഴക്കൂടുതലും രക്തം വാർന്നതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.