പത്തനംതിട്ട: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്റ്റിലായത്. എറണാകുളം കുമ്പളങ്ങി പെരുമ്പലളി വീട്ടിൽ നിന്നും കോയിപ്രം പുറമറ്റം അമരിയിൽ വീട്ടിൽ താമസിക്കുന്ന പി.ജെ. ആന്റണി സജുവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 28 മുതൽ ഒക്ടോബർ 20 വരെയുള്ള കാലയളവിൽ പല തവണയായിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആന്റണി സജുവിന് സിങ്കപ്പൂരിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങൾ വാങ്ങിയെടുത്തു. പുറമറ്റം ഫെഡറൽ ബാങ്ക് ശാഖയിൽ സജുവിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും പ്രതിയുടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് 2023 ഓഗസ്റ്റ് 28 ന് 80000 രൂപ കൈമാറിയെടുത്തു. അന്നുതന്നെ ഗൂഗിൾ പേ വഴി 50000 രൂപയും കൈക്കലാക്കി.

പിന്നീട് പല തീയതികളിലായി ആകെ 4,90,000 രൂപയും ബാങ്ക് അക്കൗണ്ട് വഴി കൈവശപ്പെടുത്തി. തുടർന്ന് വിസ ശരിയാക്കി നൽകുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്തില്ല എന്നതാണ് കേസ്. കഴിഞ്ഞമാസം ഏഴിനാണ് കോയിപ്രം പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

കുമളിയിൽ ഇയാൾ ഉണ്ടെന്ന് മനസ്സിലാക്കി, അവിടുത്തെ പൊലീസിന്റെ കൂടി സഹായത്താലാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.