ബംഗലൂരു: ലൈംഗിക പീഡന വീഡിയോ വിവാദത്തിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിച്ചത്. കേസിൽ പ്രത്യേകാന്വേഷണ സംഘം അയച്ച സമൻസ് മടങ്ങിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വലിനെ വിവാദത്തെ തുടർന്ന് അന്വേഷണം കഴിയും വരെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ പ്രജ്വൽ ജർമനിയിലേക്ക് മുങ്ങുകയും ചെയ്തിരുന്നു. ലോകത്തെ എല്ലാ എമിഗ്രേഷൻ പോയിന്റുകളിലേക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ പ്രജ്വൽ രാജ്യം വിട്ട സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പരമേശ്വര പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പ്രജ്വൽ രേവണ്ണ ജർമ്മനിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രജ്വൽ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കർണാടക ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഹാജരാകാൻ ഏഴു ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ ആവശ്യപ്പെടുന്നത്. എന്നാൽ 24 മണിക്കൂർ സാവകാശം പോലും അനുവദിക്കാനാവുന്നതല്ല. പ്രജ്വൽ രേവണ്ണയ്ക്കെതിരെ മറ്റൊരു സ്ത്രീ കൂടി പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പരമേശ്വര വെളിപ്പെടുത്തി.

33 കാരനായ പ്രജ്വൽ രേവണ്ണ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി ഹാസനിൽ നിന്നും മത്സരിച്ചിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകൻ രേവണ്ണയുടെ മകനാണ് പ്രജ്വൽ. ഇയാളുടെ ലൈംഗിക വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തനിക്ക് ലഭിച്ച പെൻഡ്രൈവിൽ പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് ദേവരാജ ഗൗഡ വ്യക്തമാക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾ അടക്കമുള്ളവരുമായി പ്രജ്വൽ രേവണ്ണ ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ഇതിലുൾപ്പെട്ടിരുന്നു.

ഏപ്രിൽ 28ന് ഹോളനർസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. വീട്ടുജോലിക്കാരിയായ 47 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയിരുന്നു എന്നാണ് പ്രജ്വലിനെതിരെ ഉയർന്ന ആരോപണങ്ങൾ. ലൈംഗിക വിവാദത്തെത്തുടർന്ന് പ്രജ്വലിനെ ജെഡിഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

ഏപ്രിൽ 26ന് രേവണ്ണ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്നതായാണ് പുറത്തുവരുന്ന അന്വേഷണ റിപ്പോർട്ടുകൾ. നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ വീഡിയോകളുടെയും ഫോട്ടോകളുടെയും ഒരു വലിയ ശേഖരം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇയാൾ കടന്നുകളയാൻ തീരുമാനിച്ചത്.

മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മന്ത്രി എച്ച്ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ ജെഡി (എസ്) സീറ്റിൽ ഹാസനിൽ നിന്ന് വീണ്ടും ജനവിധി തേടുകയാണ്. ഡിഡി രേവണ്ണയ്ക്കും ചോദ്യം ചെയ്യലിനായി എസ്‌ഐടി മുമ്പാകെ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.

ബെംഗളുരുവിന് പുറത്താണ് ഇയാൾ ഉള്ളതെന്ന് ഹസൻ എംപി അന്വേഷണ സംഘത്തെ അറിയിച്ചു. കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രോഷപ്രകടനത്തിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു . സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കൊപ്പം ബിജെപിക്ക് തുടരാനാവില്ലെന്ന് പ്രജ്വല് കേസ് പരാമർശിച്ച് അമിത് ഷാ ബുധനാഴ്ച ഹുബ്ബള്ളിയിൽ പറഞ്ഞു.