തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതി അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. മെയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ എച്ച് യദു സമർപ്പിച്ച പരാതിയിലാണ് നടപടി.

ആര്യാ രാജേന്ദ്രൻ, ഡി എൻ സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി. ഏപ്രിൽ 27 ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.

ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദുവിന്റെ പരാതിയിൽ പറയുന്നു. കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ ആവശ്യം.

ഒന്ന് മുതൽ അഞ്ച് വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തിരുന്നു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബസിനുള്ളിൽ സംഭവിച്ചതെന്താണന്നതിന്റെ പ്രധാന തെളിവാണ് മെമ്മറി കാർഡിൽ. പൊലീസ് ശേഖരിക്കാനെത്തിയപ്പോളാണ് മെമ്മറി കാർഡില്ലെന്ന് അറിഞ്ഞത്.

കെ.എസ്.ആർ.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ നടുറോഡിൽ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിനുള്ളിൽ മെമ്മറി കാർഡില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മെമ്മറി കാർഡ് കാണേണ്ടതാണെന്നും കാർഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണൻ പറഞ്ഞു.

ഇതുവരെ റോഡുകളിൽ സ്ഥാപിച്ച പല സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനിടെയിലാണ് ബസിനുള്ളിൽ മൂന്ന് സിസിടിവി ഉണ്ടെന്ന് അറിയുന്നത്. എന്നാൽ ബസ് സർവീസ് നടത്തുന്നതിനാൽ പരിശോധിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് അറിയുന്നത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.