തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു സംഘം പലരിൽ നിന്നായി പണം തട്ടിയത്. നഗരത്തിലെ താസക്കാരായ നാലു പേരാണ് തട്ടിപ്പുകാരുടെ കെണിയിൽ വീണത്. ഇവരിൽ നിന്നായി 1.90 കോടി രൂപയാ് തട്ടിപ്പു സംഘം തട്ടിയെടുത്തത്. ഷെയർമാർക്കറ്റിൽ കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് വാട്‌സാപ് ഗ്രൂപ്പുകളിൽ അംഗമാക്കിയും മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചുമാണ് തട്ടിപ്പു നടത്തിയത്.

ശ്രീകാര്യം പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയായ 49കാരന് 1.44 കോടി രൂപയാണ് ഒറ്റയടിക്കു നഷ്ടമായത്. സ്റ്റോക് വാൻഗാർഡ് എന്ന വാട്‌സാപ് ഗ്രൂപ്പ് വഴിയാണ് ശ്രീകാര്യം മാങ്കുഴി സ്വദേശി 48കാരനിൽ നിന്നു 17 ലക്ഷവും മണക്കാട് കല്ലാട്ടുമുക്ക് സ്വദേശിയിൽ നിന്നു 27 ലക്ഷവും തട്ടിയെടുത്തത്. ടാറ്റ ഇൻവെസ്റ്റ്‌മെന്റ് ക്ലബ്, ഷെയർ ബൂസ്റ്റ് എന്നീ പേരുകളിലുള്ള വാട്‌സാപ് ഗ്രൂപ്പുകളിൽ അംഗമാക്കിയും മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചും വിശ്വാസം നേടിയെടുത്താണ് പണം തട്ടിയത്.

ശ്രീകാര്യം ഗാന്ധിപുരത്ത് വാടകയ്ക്കു താമസിക്കുന്ന അരുവിക്കര സ്വദേശിയായ 47കാരന് രണ്ട് ലക്ഷം രൂപയും നഷ്ടമായി. പണം സമ്പാദിക്കാനുള്ള മാർഗം വാഗ്ദാനം ചെയ്ത് ഓൺലൈൻ പരസ്യം നൽകിയാണ് ആളുകളെ കെണിയിൽ വീഴ്‌ത്തുന്നത്. ഇത്തരം വ്യാജ വെബ്‌സൈറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ റജിസ്‌ട്രേഷൻ നടത്താനായിരിക്കും ആവശ്യപ്പെടുന്നത്. പിന്നീട് വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്കു ചേർക്കുകയും ചെയ്യും. ഒരു ആപ് ഇൻസ്റ്റാൾ ചെയ്ത് അതിലേക്ക് 500 മുതൽ 5000 രൂപ വരെ നിക്ഷേപിക്കാൻ പറയും. ഇതിന്റെ ഇരട്ടി പ്രതിഫലം നൽകും.

പിന്നീട് ലക്ഷങ്ങൾ ഇട്ടപ്പോൾ നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് ഗ്രൂപ്പിലുള്ള തട്ടിപ്പ് സംഘത്തിലെ അംഗങ്ങൾ തന്നെ സന്ദേശം പങ്കുവയ്ക്കും. ഇത് വിശ്വസിച്ചാണ് പലരും വൻ തുക അയയ്ക്കുന്നത്. ആപ്പിൽ തുക ഇരട്ടി ആയെന്ന് കാണിക്കുമെങ്കിലും പണം പിൻവലിക്കാൻ കഴിയില്ല. പണം പിൻവലിക്കണമെങ്കിൽ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇതു വിശ്വസിച്ച് അവർ പറയുന്ന അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുന്നതോടെ മുഴുവൻ തുകയും നഷ്ടമാകും. 4 പേരുടെയും പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.