കോഴിക്കോട്: താമരശ്ശേരി പിസി മുക്കിൽ അതിഥിത്തൊഴിലാളിയായ പത്തൊൻപതുകാരനെ തോക്ക് ചൂണ്ടി കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം വാടക ക്വാർട്ടേഴ്‌സിൽ കെട്ടിയിട്ട സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശിയായ യുവാവ് പിടിയിൽ. ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) വീട് വൃത്തിയാക്കുന്ന ജോലിക്കെന്നു പറഞ്ഞ് ഇന്നലെ രാവിലെ ഏഴരയ്ക്ക് തണ്ടുപാറക്കൽ ബിനു കൂട്ടിക്കൊണ്ടുപോയത്. തുടർന്നു ബന്ദിയാക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ബുള്ളറ്റിൽ എത്തിയ ബിനു അതിഥി തൊഴിലാളിയെ കയറ്റിക്കൊണ്ടുപോയത്. ഏറെനേരം ബൈക്കിൽ കറങ്ങിയശേഷം താമരശ്ശേരി പള്ളിപ്പുറം ഭാഗത്തുള്ള വാടക ക്വാർട്ടേഴ്‌സിൽ എത്തിച്ചു. വാടക ക്വാർട്ടേഴ്‌സിൽ കടന്നതോടെ ആക്രമിക്കുകയും കൈ പിന്നിലേക്ക് കെട്ടി ജനലിൽ ബന്ധിക്കുകയും ചെയ്തുവെന്ന് നാജ്മി പറയുന്നു.

വീട് വൃത്തിയാക്കാനെന്നു പറഞ്ഞ് ബിനു വാടക ക്വാർട്ടേഴ്‌സിൽ എത്തിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്തു. പിന്നീട് ബൈക്ക് നിർത്തി നടന്നു പോയി ഒരു കവറിൽ ഒരു കെട്ട് പണവുമായി ബിനു തിരിച്ചെത്തി. അവിടെനിന്നു വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിയെ ഏൽപ്പിച്ചു.

പിന്നീട് ബാറിലെത്തി മദ്യപിച്ചശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്‌സിൽ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തി. ബിനു പറഞ്ഞതനുസരിച്ചു ബന്ദിയാക്കപ്പെട്ട വിവരം സുഹൃത്തിനോടു വിളിച്ചു പറഞ്ഞു. പിന്നീടു കൈകൾ ബന്ധിച്ചു നിലത്തിട്ടു. ഇതിനിടെ സുഹൃത്തുക്കൾക്ക് വീഡിയോ കോളിലൂടെ കെട്ടിയിട്ട രംഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അക്രമിയുടെ ശ്രദ്ധ മാറിയപ്പോൾ നജ്മൽ ആലം കാലുകൊണ്ട് ഏറെനേരം പരിശ്രമിച്ച് ലൊക്കേഷൻ മൊബൈലിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.

രാത്രി പത്തുമണിയോടെ ഇവർ നാട്ടുകാരുടെ സഹായത്തോടെ വാടക ക്വാർട്ടേഴ്‌സ് വളയുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി നാജ്മിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിനുവിനെ പിടികൂടി.

അവശനിലയിൽ കണ്ടെത്തിയ നജ്മൽ ആലത്തിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അക്രമിയുടെ ലക്ഷ്യം എന്താണെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും താമരശ്ശേരി ഇൻസ്പെക്ടർ പ്രദീപ് അറിയിച്ചു.

പ്രതിയെ മുൻപരിചയമില്ലെന്നും നാജ്മി പറഞ്ഞു. രാത്രി പൊലീസ് എത്തുമ്പോൾ കയ്യും മുഖവും കെട്ടിയ നിലയിലായിരുന്നു നാജ്മി. എന്തിനുവേണ്ടിയാണു തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമല്ല. താമരശ്ശേരി ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.