- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
താനൂർ കസ്റ്റഡി മരണക്കേസ്: പ്രതികളായ നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ
താനൂർ: മലപ്പുറം താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ പ്രതികളായ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.
ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനാണു മരിച്ചത്. കസ്റ്റഡി മർദനവും മരണകാരണമായതായി ആരോപണമുയർന്നിരുന്നു. പൊലീസിനെ കണ്ട് ലഹരി വസ്തുക്കൾ താമിർ വിഴുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ലഹരി വസ്തുക്കൾ അമിതമായി ശരീരത്തിൽ കലർന്നതിനു ഇതിനു പുറമേ മർദനവും മരണകാരണമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസുകാരിലേക്കും അന്വേഷണം നീണ്ടത്.
ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. കഴിഞ്ഞ വർഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി മരിച്ചത്. ലഹരി മരുന്ന് കേസിലാണ് താമിർ ജിഫ്രി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്നും പുലർച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിർ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നാലു പ്രതികൾക്കും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷൻ ഇടപെട്ടത്. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു.
പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രതിപട്ടികയിലുണ്ടായിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. തുടർന്നാണിപ്പോൾ പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്കു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായത്.