- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രജ്വൽ രേവണ്ണ പറക്കുന്നത് കീഴടങ്ങാൻ; കർണ്ണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം
ബംഗളൂരു: എല്ലാ വഴികളും അടഞ്ഞതോടെ ലൈംഗിക പീഡന കേസിൽ എൻഡിഎയുടെ ഹാസൻ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. ദുബായിലുള്ള പ്രജ്വൽ രേവണ്ണ മംഗളൂരു വിമാനത്താവളത്തിൽ വന്ന് കീഴടങ്ങിയേക്കും. പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച് ഡി രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനായ രേവണ്ണയെ ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് പൊലീസ് പിടിച്ചത്.
ഇതോടെ രേവണ്ണയുടെ മകനായ പ്രജ്വലും കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മ്യൂണിക്കിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വൽ എത്തിയത്. അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വൽ എത്താനാണ് സാധ്യത. മംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയിൽ എടുക്കും. അതിനിടെ രേവണ്ണക്കെതിരെ 1996 ൽ ഇംഗ്ലണ്ടിലും പീഡനപരാതിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് രംഗത്തുവന്നു.
താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നതാണ് പരാതിയെന്ന് മുൻ മണ്ഡ്യ എംപി എൽ ആർ ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തൽ. അന്ന് ദേവഗൗഡ പ്രധാനമന്ത്രി ആണെന്നും കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകും എന്നും ശിവരാമ ഗൗഡ വിശദമാക്കി. ശിവരാമ ഗൗഡ അന്ന് രേവണ്ണയുടെ കൂടെ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് വകുപ്പ് മന്ത്രി ആയിരുന്നു.
ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് പ്രജ്വൽ കീഴടങ്ങുമെന്ന സൂചന നൽകിയത്. പ്രജ്വൽ യുഎഇയിൽനിന്നു മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണു സൂചന. എന്നാൽ എപ്പോഴാണ് ഇന്ത്യയിലെത്തുക എന്നതു സംബന്ധിച്ച് പുട്ടരാജു വ്യക്തമാക്കിയില്ല. അതിനിടെ, പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കാനും ആലോചനയുണ്ട്. അതേസമയം, ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ ഇന്നു കോടതിയിൽ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്‌തേക്കും.
പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകുമെന്നായിരുന്നു റിപ്പോർട്ട്. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്തശേഷം വിദേശങ്ങളിലേക്കു രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോർണർ നോട്ടിസ്. ഇതിനിടെയാണ് പ്രജ്വലിന്റെ മടക്കം.
പ്രജ്വലിന്റെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ദേവെഗൗഡയുടെ ബെംഗളൂരു പത്മനാഭനഗറിലെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്. സ്ത്രീയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നു മോചിപ്പിച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ രേവണ്ണ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകളിലുള്ള സ്ത്രീയെ രേവണ്ണയുടെ നിർദ്ദേശപ്രകാരം സഹായി സതീഷ് ബാബണ്ണ ഏപ്രിൽ 29നു വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന് അവരുടെ മകൻ പരാതി നൽകിയിരുന്നു. രേവണ്ണയുടെ ഹാസൻ ഹൊളെനരസിപുരയിലെ ഫാംഹൗസിൽ 6 വർഷത്തോളം ഇവർ ജോലി ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ വീട്ടിലെത്തിയ സതീഷ്, രേവണ്ണയുടെ ഭാര്യ ഭവാനി അന്വേഷിക്കുന്നുവെന്നു പറഞ്ഞാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഭാര്യയുടെ ബന്ധു കൂടിയായ മറ്റൊരു വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിലും രേവണ്ണയ്‌ക്കെതിരെ കേസുണ്ട്. രേവണ്ണ ഇവരെ പീഡിപ്പിച്ചതായും പ്രജ്വൽ ഇവരുടെ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നുമാണ് കേസ്.