ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പതിനാല് വയസുകാരനെയാണ് സഹപാഠികൾ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഒരു മാസത്തോളമായി ചികിത്സയിൽ തുടരുകയാണെന്ന് മാതാവ് പറഞ്ഞു. കടുത്ത വയറുവേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതെന്ന് മാതാവ് പറഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിൽ ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

മകനെ സഹപാഠികൾ ക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. എട്ടാംക്ലാസ് വിദ്യാർത്ഥിയെയാണ് സഹപാഠികൾ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു.

മാർച്ച് 18-നാണ് വിദ്യാർത്ഥിക്ക് നേരേ ക്രൂരമായ ലൈംഗികപീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. കുട്ടിയെ ക്ലാസിൽനിനിന്ന് കൂട്ടിക്കൊണ്ടുപോയ ചില സഹപാഠികൾ നിരന്തരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ സഹപാഠികൾ സംഘം ചേർന്ന് മകനെ മർദിച്ചു. വസ്ത്രങ്ങൾ അഴിച്ചുമാറ്റി വടികൊണ്ടായിരുന്നു ആക്രമണം. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും ഇതേത്തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ പരിക്കേറ്റതായും അമ്മ പറഞ്ഞു.

ക്രൂരമായ പീഡനത്തിനിരയായെങ്കിലും ഇതേക്കുറിച്ച് എട്ടാംക്ലാസുകാരൻ വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് അമ്മ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റതിനാൽ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെയാണ് മകൻ വിശദമായ വെളിപ്പെടുത്തൽ നടത്തിയതെന്നും അമ്മ പറഞ്ഞു.

സംഭവം പുറത്തുപറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്ന് സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് അമ്മയുടെ ആരോപണം. ഇതേത്തുടർന്ന് പത്തുദിവസത്തോളമാണ് താൻ നേരിട്ട പീഡനം മകൻ മറച്ചുവെച്ചതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ സ്‌കൂൾ അധികൃതരും നിയമപാലകരും കർശന നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസിൽ സിബിഐ. അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. കുട്ടിയുടെ ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും അമ്മ വ്യക്തമാക്കി.