നെടുങ്കണ്ടം: തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം ആടിപ്ലാക്കൽ സുദേവന്റെ (54) വീട്ടിൽ ചാക്കുകളിലും കാർഡ് ബോർഡ് പെട്ടികളിലുമായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യം ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. വർഷങ്ങളായി സുദേവൻ വീട്ടിൽ ലോക്കൽ ബാർ നടത്തുകയാണ്. പാർട്ടി അംഗമായതിനാൽ ആരും തൊടാൻ മുതിർന്നിരുന്നില്ല. ഇയാളുടെ മദ്യക്കച്ചവടം പരസ്യമായ രഹസ്യമായിരുന്നു.

ഏത് ബ്രാൻഡ് ചോദിച്ചാലും ഇവിടെ കിട്ടും. എക്സൈസ് സംഘം എത്തുമ്പോൾ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ആവശ്യപ്പെടുന്ന ബ്രാൻഡ് പൊട്ടിച്ച് അളന്നു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ മദ്യക്കച്ചവടം വർഷങ്ങളായി തുടരുന്നതാണെന്ന് നാട്ടുകാർ പറയുന്നു. ഈ മദ്യവിൽപ്പന കേന്ദ്രം അയൽജില്ലക്കാർക്ക് പോലും സുപരിചിതമാണ്. ഡ്രൈഡേയിലാണ് കച്ചവടം കൊഴുക്കുന്നത്.

ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്ന് ഒരാൾക്ക് ഒരു ദിവസം മൂന്നുലിറ്റർ മദ്യം വിൽക്കാൻ പാടുള്ളൂവെന്ന നിബന്ധനയിരിക്കേ ഇതിനെ മറികടന്നാണ് ഇത്തരം സംഘങ്ങൾക്ക് മദ്യം ലഭിക്കുന്നത്. മേഖലയിൽ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പരിമിധമായതിനാൽ അനധികൃത മദ്യ മാഫിയാ സംഘങ്ങൾക്ക് ചാകരയാണ്.ബിവറേജുകളിൽ നിന്ന് വാങ്ങുന്ന മദ്യം രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്കാണ് മറിച്ചു വിൽക്കുന്നത്.

തോട്ടം മേഖലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ വിദഗ്ധമായാണ് ഇവ വിൽപന നടത്തുന്നത്. ഇതിനു പിറകിൽ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ട്. ജില്ലയിൽ ആവശ്യത്തിന് എക്സൈസ് ഓഫിസുകൾ ഇല്ലാത്തതും ജീവനക്കാരില്ലാത്തതും മദ്യവിൽപനക്കാർക്ക് ഗുണകരമാകുന്നു. പിടികൂടുന്ന പ്രതികളെ ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുത്തശേഷം കോടതിയിൽ ഹാജരാക്കുന്നത് മൂലം പ്രതികളിൽ 90 ശതമാനം പേരും ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നതായും ആക്ഷേപമുണ്ട്.

അതിർത്തി വനങ്ങൾ കേന്ദ്രീകരിച്ച് വ്യാജ വാറ്റും വിൽപനയും വർധിച്ചതായും വിവരമുണ്ട്.പൊലീസ് വനം വകുപ്പ്, എക്സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും വിദേശ മദ്യവിൽപനക്കാർക്ക് അനുകൂലമായി മാറുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിന് വാഹനമില്ലാത്തതും ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്താൽ അവിടെ എത്തിപ്പെടുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഒരിക്കൽ പിടിക്കപ്പെട്ടവർ വീണ്ടും ജാമ്യത്തിലിറങ്ങി ഇതേ തൊഴിൽ തന്നെ ചെയ്യുന്നത് പതിവായിരിക്കുകയാണ്.