തിരുവനന്തപുരം: തയ്വാനിലേക്ക് അയച്ച പാഴ്‌സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തി എന്നുപറഞ്ഞ് കബളിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 50 ലക്ഷം രൂപ. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിർന്ന ഓഫിസറെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പു നടത്തിയത്. പാപ്പനംകോട് സ്വദേശിയായ മധ്യവയസ്തക്കനാണ് ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ വീണത്. നിങ്ങളുടെ പേരിൽ തയ്വാനിലേക്ക് അയച്ച പാഴ്‌സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തി എന്നറിയിച്ചാണ് തട്ടിപ്പു സംഘം ഇദ്ദേഹത്തെ കെണിയിൽ വീഴ്‌ത്തിയത്. മുംബൈ പൊലീസ് ആണെന്ന് പറഞ്ഞ് വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഒരു കുറിയർ കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്നു പരിചയപ്പെടുത്തി വന്ന ഒരു ഫോൺ കോളാണ് തട്ടിപ്പിന് ആധാഗം. പാപ്പനംകോട് സ്വദേശിയുടെ പേരിൽ മുംബൈയിൽ നിന്ന് തയ്വാനിലേക്ക് ഒരു പാഴ്‌സൽ അയച്ചിട്ടുണ്ടെന്നും അതിൽ അഞ്ച് പാസ്‌പോർട്ട്, മൂന്ന് ക്രെഡിറ്റ് കാർഡ്, കുറച്ചു തുണിത്തരങ്ങൾ എന്നിവയ്‌ക്കൊപ്പം 200ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയതിനാൽ പൊലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും അറിയിച്ചു. എന്നാൽ താൻ ഇത്തരത്തിൽ പാഴ്‌സൽ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും തട്ടിപ്പുകാർ വിട്ടില്ല.

പാഴ്‌സൽ അയയ്ക്കാൻ പാപ്പനംകോട് സ്വദേശിയുടെ അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു കെണിയിൽ വീഴ്‌ത്തി. താൻ മുംബൈയിൽ പോയിട്ടില്ലെന്നും പാഴ്‌സൽ അയച്ചിട്ടില്ലെന്നും പറഞ്ഞപ്പോൾ മുംബൈ പൊലീസുമായി കണക്ട് ചെയ്തു തരാമെന്ന് അറിയിച്ചതോടെ ഇദ്ദേഹം ഭയന്നു പോവുകയും ചെയതു.

തുടർന്ന് മുംബൈ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിർന്ന ഓഫിസറെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നാടകം അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ പരാതിക്കാരനോട് വിഡിയോ കോളിൽ സംസാരിച്ചു. പാപ്പനംകോട് സ്വദേശിയുടെ ആധാർ നമ്പർ ഉപയോഗിച്ച് തീവ്രവാദികൾക്ക് അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറയുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ നിന്ന് സർക്കാർ ട്രഷറിയിൽ 50 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പ് സംഘം ഇതിന്റെ വിവരങ്ങൾ ശേഖരിച്ചു.

ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ പരിശോധിക്കണമെന്നും പണം നിയമവിധേയമാണെങ്കിൽ തിരിച്ചു നൽകുമെന്നും പറഞ്ഞു. ഇതുപ്രകാരം പരാതിക്കാരൻ ട്രഷറിയിൽ നിന്നു തന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത ശേഷം അവർ നൽകിയ അക്കൗണ്ടിലേക്ക് ഓൺലൈനായി അയച്ചു നൽകുകയായിരുന്നു. 2 മണിക്കൂറിനുള്ളിൽ പണം തിരികെ നൽകുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇതു വിശ്വസിച്ച് പരാതിക്കാരൻ 2 മണിക്കൂർ കാത്തിരുന്നു. തുടർന്നു ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

ഈ സമയം കൊണ്ട് അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് തട്ടിപ്പ് സംഘം മാറ്റി. വെള്ളിയാഴ്ച ആയിരുന്നു സംഭവം. പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് സംഘം മുഴുവൻ തുകയും പിൻവലിക്കും മുൻപ് ബാങ്ക് വഴി അക്കൗണ്ട് മരവിപ്പിച്ചെന്നും 9 ലക്ഷം രൂപ തിരികെ കിട്ടുമെന്നും പൊലീസ് അറിയിച്ചതായി പരാതിക്കാരൻ പറഞ്ഞു.