- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിക്ഷേപം നഷ്ടമായവർക്ക് ആശ്വാസം ഉടൻ എത്തിയേക്കും; വായ്പ എടുത്ത് പറ്റിച്ചവർക്ക് പണി കിട്ടും
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു. ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. കേസിൽ ഉടൻ രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. അതിനുമുമ്പായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയുണ്ടാകും. രാഷ്ട്രീയബന്ധമുള്ളവരുടെ സ്വത്തുക്കളും ഇത്തവണത്തെ കണ്ടുകെട്ടലിലുണ്ടാകുമെന്നാണ് അറിയുന്നത്. അതീവ രഹസ്യമായാണ് നടപടികൾ.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 2019-ലെ ഭേദഗതിപ്രകാരം വിചാരണവേളയിൽത്തന്നെ കണ്ടുകെട്ടിയ സ്വത്തുക്കൾ തട്ടിപ്പിനിരയായവർക്ക് നൽകാനാകും. രാഷ്ട്രീയക്കാരുടെ ബിനാമികൾ കരുവന്നൂരിൽനിന്ന് വൻതോതിൽ വായ്പയെടുത്തതായി ആരോപണമുയർന്നിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരികെനൽകാനുള്ള നടപടികൾ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് കണ്ടുകെട്ടൽ നീക്കം. കോടതിയിൽ സ്വത്ത് കണ്ടു കെട്ടാമെന്ന നിലപാട് കേന്ദ്ര ഏജൻസി വിശദീകരിച്ചിരുന്നു.
രണ്ടുഘട്ടങ്ങളിലായി ഇതുവരെ 87.75 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ബാങ്കിൽനിന്ന് നാലുകോടിക്ക് മുകളിൽ വായ്പയെടുത്ത് തട്ടിപ്പു നടത്തിയവരുടെ സ്വത്തുക്കളുൾപ്പെടെയാണ് കണ്ടുകെട്ടിയത്. ഇനി നാലുകോടി രൂപയിൽത്താഴെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ആദ്യഘട്ടത്തിൽ താത്കാലികമായി കണ്ടുകെട്ടിയ സ്വത്തുക്കൾ ഇ.ഡി.യുടെ അഡ്ജുഡിക്കേഷൻ അഥോറിറ്റി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് കള്ളപ്പണക്കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയ സ്വത്തിന്റെ യഥാർഥ ഉടമകളുടെ ഭാഗം കേൾക്കാനുള്ള നടപടി കോടതിയിൽ തുടങ്ങി. ഈ നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് സൂചന. പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗത്തിലാക്കുകയാണ് കേന്ദ്ര ഏജൻസി.
കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ സ്ഥാപനങ്ങൾ ഉൾപ്പെടെ 54 പ്രതികളുണ്ട്. 16 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇതുവരെ കണ്ടുകെട്ടി. ബിനാമിപേരിലും, തട്ടിപ്പിലൂടെ നേടിയ വായ്പത്തുക ഉപയോഗിച്ചും പ്രതികൾ വാങ്ങിക്കൂട്ടിയ സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയ ഭൂസ്വത്തുക്കൾ മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉൾപ്പെടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനാണ് നീക്കം.
ഇതിലൂടെ പരമാവധി നിക്ഷേപത്തുക തിരിച്ചു നൽകാനാണ് ശ്രമം.കരുവന്നൂരിലെ നിക്ഷേപകർക്ക് തുക തിരിച്ചുകിട്ടാൻ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിന് പിന്നാലെ ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരുന്നു.