- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രജ്വലിനെ കുടുക്കാൻ കർണാടക പൊലീസ് ജർമനിയിലേക്ക്
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായി രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ കുടുക്കാൻ ജർമനിയിലേക്കു പോകാൻ കർണാടക പ്രത്യേക അന്വേഷണ സംഘം. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അതേ സമയം നാട്ടിലേക്ക് മടങ്ങിയാൽ പ്രജ്വലിനെ പിടികൂടാൻ വിമാനത്താവളത്തിൽ പൊലീസ് തമ്പടിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിൽ തമ്പടിച്ചത്. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.
പ്രജ്വൽ കീഴടങ്ങാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ജർമനിയിലേക്കു പോകാനും പ്രത്യേക അന്വേഷണ സംഘം തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.
പ്രജ്വലിന്റെ ഹാസനിലെ വീട് പൊലീസ് മുദ്രവച്ചു. എംപി ക്വാർട്ടേഴ്‌സായ ഇവിടെ പീഡിപ്പിച്ചതായി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ദൾ വനിതാ നേതാവ് പരാതി നൽകിയിരുന്നു. വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പിതാവും ദൾ എംഎൽഎയുമായ രേവണ്ണയുടെ ബെംഗളൂരു ബസവനഗുഡിയിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി. വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രജ്വലിനെ സ്ഥാനാർത്ഥിയാക്കും മുൻപു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിവുണ്ടായിരുന്നുവെന്ന് മുൻ എംപിയും ബിജെപി നേതാവുമായ എൽ.ആർ.ശിവരാമെഗൗഡ വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളില്ലാതെ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെയും മകനും സംസ്ഥാന പ്രസിഡന്റുമായ കുമാരസ്വാമിയുടെയും പേരു പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സെഷൻസ് കോടതി മാധ്യമങ്ങൾക്കു നിർദ്ദേശം നൽകി. കുമാരസ്വാമിയുടെ അപേക്ഷയിലാണ് നടപടി.
പ്രജ്വലിനൊപ്പം അശ്ലീല ദൃശ്യങ്ങളിൽ ഉൾപ്പെട്ട ഹാസനിലെ സ്ത്രീകളിൽ ചിലരെ കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മാനഹാനി ഭയപ്പെട്ട് പലരും വീടുകൾ പൂട്ടി നാടുവിട്ടു. പ്രജ്വലിന്റെ ദൃശ്യങ്ങളിൽ ഉൾപ്പെട്ട വീട്ടമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണ് പലരെയും കാണാതായതെന്നും ആരോപണം ഉയരുന്നുണ്ട്. ഇവരെ പിന്നീട് പൊലീസ് മോചിപ്പിച്ചിരുന്നു.