- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: 18 കോടിയുടെ പണയവസ്തു സഹകരണ വകുപ്പ് ഏറ്റെടുത്തു
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ 18 കോടിയുടെ വസ്തുക്കൾ സഹകരണ വകുപ്പ് ഉടൻ ജപ്തി നടപടിയിലൂടെ ഏറ്റെടുത്തു. വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്ത ഇവർ ഈട് വച്ചിരിക്കുന്ന വസ്തു കൈമാറ്റം ചെയ്യാൻ നീക്കം നടക്കുവെന്ന് കണ്ടാണ് ഉടൻ ജപ്തി നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജി. ഹിരൺ അറിയിച്ചു. മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വമാത്യു, ഇവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ പണയ വസ്തുക്കളാണ് സഹകരണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇനി ഇത് ലേലം ചെയ്ത് ബാങ്കിന് കിട്ടാനുള്ള തുക വകയിരുത്തും.
12 വസ്തുക്കളാണ് നിലവിൽ ഏറ്റെടുത്തിരിക്കുന്നത്. ഇവയിലോരോന്നും ഈടു വച്ച് രണ്ടരക്കോടി രൂപ വരെ വായ്പ എടുത്തിട്ടുണ്ട്. മുതലും പലിശയും സഹിതമാണ് 18 കോടി തിരിച്ചു കിട്ടാനുള്ളത്. പണയ വസ്തുക്കൾ വിൽക്കാൻ ഇവർ നീക്കം നടത്തുന്നുവെന്ന് കണ്ടാണ് സഹകരണ വകുപ്പ് ഉടൻ ജപ്തി സ്വീകരിച്ചത്. അതീവരഹസ്യമായി ഇന്നലെയാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്. ആർബിട്രേഷനിലിരിക്കുന്ന വസ്തുക്കൾ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ സഹകരണ വകുപ്പിന് ഉടൻ ജപ്തിയിലൂടെ ഏറ്റെടുക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. അതാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നതെന്ന് ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.
ഒരു പണയ വസ്തുവിൽ ഒരാൾക്ക് പരമാവധി 25 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങൾക്ക് വായ്പ നൽകാൻ കഴിയുക. ഇവിടെ ഒരു വസ്തുവിൽ 10 പേർക്ക് 25 ലക്ഷം വീതം രണ്ടരക്കോടി രൂപ വരെ വായ്പ നൽകിയതായി സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വായ്പ കുടിശിക പലിശ സഹിതം തിരിച്ചയ്ക്കാൻ ബാങ്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ ആർബിട്രേഷൻ നടപടികൾ ആരംഭിച്ചു. പണയ വസ്തു ബാങ്ക് തിരികെ പിടിക്കുമെന്ന് കണ്ടപ്പോൾ ഇവർ വസ്തുക്കൾ വിൽക്കാൻ നീക്കം തുടങ്ങിയിരുന്നു.
നിലവിൽ ബാങ്ക് ഭരിക്കുന്നത് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ്. വായ്പാ കുടിശിക, പണയക്കുടിശിക എന്നിവ തിരികെ പിരിച്ചെടുക്കുന്ന തിരക്കലാണ് കമ്മറ്റി. ഇതിന് പുറമേ മോണിട്ടറിങ് കമ്മറ്റിയും വച്ചിട്ടുണ്ട്. അർഹരായവർക്ക് അത്യാവശ്യത്തിന് ചെറിയ തുക തിരിച്ചു കൊടുക്കുന്നുണ്ട്. ജീവനക്കാർക്ക് നിലവിൽ ചെറിയൊരു തുക മാത്രമാണ് ശമ്പളമായി നൽകുന്നത്. യഥാർഥ ശമ്പളം കൊടുക്കാൻ പണമില്ലാത്തതാണ് കാരണം.