ബെംഗളൂരു: കർണാടകയിലെ മടിക്കേരിയിൽ വിവാഹം മുടങ്ങിയതിന്റെ പകയിൽ 16 വയസ്സുകാരിയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തി. പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. ബാലാവകാശ കമ്മിഷൻ വിവാഹനിശ്ചയച്ചടങ്ങ് തടഞ്ഞതിനു പിന്നാലെയാണ് ദാരുണസംഭവം. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രകാശ് (32) എന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

പത്താം ക്ലാസ് പരീക്ഷ പാസായ പതിനാറുകാരിയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങ് മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ ഇന്നലെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതേക്കുറിച്ച് വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ, സ്ഥലത്തെത്തി പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ ചടങ്ങ് നിർത്തിവയ്ക്കാൻ ഇരു കുടുംബങ്ങളോടും ആവശ്യപ്പെട്ടു. ഇതോടെ ചടങ്ങ് മുടങ്ങി.

മണിക്കൂറുകൾക്കു ശേഷം പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയും പെൺകുട്ടിയെ വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായും അവർ പറഞ്ഞു.

ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തിയത്. വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു.തുടർന്ന് വിവാഹത്തിൽനിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായി പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.