തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. മൃതദേഹപരിശോധനാ ഫലത്തിൽ ഇത് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇവരോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തിനെ കാണാനില്ല.

പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തിൽ മായാ മുരളി(37) യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടെത്തിയത്. രഞ്ജിത്താണ് കൊല നടത്തിയതെന്നാണ് സൂചന. മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു. മായയുടെ രണ്ട് പെൺമക്കൾ പേരൂർക്കടയിൽ അമ്മൂമ്മയോടൊപ്പമാണ് കഴിയുന്നത്.

മായാ മുരളിയും, രഞ്ജിത്തും താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്കിടെ വന്നുപോയിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രതി രഞ്ജിത്തിന്റേതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷ വെള്ളിയാഴ്ച വൈകീട്ടോടെ കാട്ടാക്കട ചൂണ്ടുപലകയിൽനിന്നു ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു. മൂന്നുമാസം മുമ്പാണ് മുതിയാവിള കാവുവിളയിലെ വീട്ടിൽ ഇവർ താമസത്തിനെത്തുന്നത്. ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിലാണ് വീട് വാടകയ്ക്ക് എടുക്കുന്നത്.

രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മായാ മുരളിയുടെ മൃതദേഹം ഹാർവിപുരം ശ്മശാനത്തിൽ സംസ്‌കരിച്ചു.കാട്ടാക്കട ഡിവൈ.എസ്‌പി. പി.സി.ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. എൻ.ഗിരീഷും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് താക്കോൽ കൂട്ടവും ബീഡിയും പൊലീസ് കണ്ടെത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായാണ് വിവരം. മൂക്കിനും കണ്ണിനും ക്ഷതമേറ്റിരുന്നു. ഈ വർഷം ജനുവരിയിലാണ് ഓട്ടോ ഡ്രൈവറായ രഞ്ജിത്തും മായയും വാടക വീട്ടിൽ താമസിക്കാനെത്തിയത്. ഭർത്താവ് മരിച്ച ശേഷം മകളോടപ്പമായിരുന്നു മായ താമസിച്ചിരുന്നത്. ഇതിനിടെ ഓട്ടോ ഡ്രൈവറായ രഞ്ജിത്തുമായി അടുപ്പത്തിലാവുകയും മകളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു.

അസുഖമുള്ള മകളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ മായ കുട്ടിയെ കാണാനെത്തിയിരുന്നു. ഇതറിഞ്ഞ രഞ്ജിത്ത് മകളുടെ മുന്നിൽ വെച്ച് തന്നെ മായയെ മർദിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും മർദിച്ചിട്ടില്ലെന്ന് മായ പൊലീസിനോട് പറയുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. രഞ്ജിത്ത് മായയെ കൊലപ്പെടുത്തിയതാകാമെന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിനു ശേഷം രഞ്ജിത്തിനെ കാണാതായി. ഇതുവരെയും ഇയാളെ കണ്ടെത്താനായിട്ടല്ല. മായയും ഭർത്താവും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അജ്ഞാതനായ ഒരാള് ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയോട് അന്വേഷണപ്പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് തേടിയതായി വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി അറിയിച്ചു.