ലണ്ടൻ: ബ്രിട്ടനിലെ ഏഷ്യൻ വംശജരുടെ വീടുകൾ ലാക്കാക്കിയുള്ള മോഷണവും കൊള്ളയും വർദ്ധിച്ചതോടെ കരുതലെടുക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. സൗത്താംടണിലെ ഈസ്റ്റ്‌ലീയിൽ നിന്നു മാത്രം ഇത്തരത്തിലുള്ള 19 കേസുകളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഹാംഷയർ പൊലീസ് അറിയിച്ചു. രണ്ടു പേർ തന്റെ കിടപ്പുമുറിയിൽ കയറി അലമാര തുറന്ന് 20,000 പൗണ്ട് വിലവരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായി മോഷണത്തിനിരയായ ഒരു സ്ത്രീ ബി ബി സിയോട് പറഞ്ഞു.

വളരെ സംഘടിതമായ രീതിയിലാണ് കൊള്ള നടക്കുന്നതെന്ന് ഈസ്റ്റ്‌ലീ ഡിസ്ട്രിക്ട് കമാൻഡർ മാറ്റ് പാലിങ് പറയുന്നു. സാധാരണയായി 22 കാരറ്റോ 24 കാരറ്റോ ഒക്കെയുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകുന്ന പതിവ് ഏഷ്യൻ കുടുംബങ്ങളിൽ ഉണ്ട്. അത് തലമുറ തലമുറയായി കൈമാറുന്ന പതിവുമുണ്ട്. ഇതാണ് ഏഷ്യൻ കുടുംബങ്ങളെ മോഷ്ടാക്കൾ ഉന്നം വയ്ക്കാൻ കാരണം.

കഴിഞ്ഞ മാസം സൗത്താംടണിലെ വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തിലെത്തി പാലിങ് അവിടെ എത്തിയവർക്ക് ഉപദേശങ്ങൾ നൽകുകയും സഹായം വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഉയരന്ന വിലയുള്ള സ്വർണ്ണാഭരണങ്ങളുടെ മോഷണം പെരുകുകയാണെന്നും, തങ്ങൾക്ക് കഴിയാവുന്നതെല്ലാം അത് തടയുവാന ചെയ്യുന്നുണ്ടെന്നും പാലിങ് ഉറപ്പു നൽകി. മാത്രമല്ല, ഈ വിഭാഗത്തിൽ പെട്ടവരോട് കൂടുതൽ കരുതലോടെ ഇരിക്കുവാനും അദ്ദേഹം ഉപദേശിച്ചു.

ഈ കുറ്റകൃത്യങ്ങൾ കുറയ്ക്കണം. ആളുകൾ മോഷ്ടക്കളുടെ ഇരകൾ ആകരുത്. അതിനായി, കുറ്റകൃത്യങ്ങൾ തടയുന്നതിനായി തങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം എന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 15 ന് മോഷണത്തിന് ഇരയായ ഹാംഷയർ, ചിൽവർത്തിലെ പ്രീതി നയ്യാർ പറഞ്ഞത് തന്റെ വാതിൽ പൊളിച്ച് നാലുപേർ അകത്ത് പ്രവേശിച്ചു എന്നായിരുന്നു. ഇന്നിട്ടാണ് അവർ മുകളിലുള്ള കിടപ്പു മുറിയിൽ എത്തി കവർച്ച നടാത്തിയത്. ശബ്ദം കേട്ട് ഉണർന്ന താൻ ഉറക്കെ നിലവിളിച്ചപ്പോൾ കിട്ടിയതെല്ലാം വാാരിപ്പെറുക്കി അവർ ഓടി രക്ഷപ്പെട്ടു എന്നും പ്രീതി ബി ബി സിയോ്യുട് പറഞ്ഞു.

ഏകദേശം 20,000 പൗണ്ട് മൂല്യമുള്ള സ്വർണ്ണാഭരണങ്ങളാണ് അവർക്ക് നഷ്ടപ്പെട്ടത്. മോഷ്ടാക്കളിൽ രണ്ടു പേരുടെ ചിത്രം വീട്ടിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തയ്യാറെടുപ്പുകളോടെയാണ് അവർ വന്നത് എന്നാണ് പ്രീതി പറയുന്നത്. ദിവസങ്ങളോളം അവർ തന്റെ വീട് നിരീക്ഷിച്ചു കാണും എന്നും അവർ സംശയം പ്രകടിപ്പിക്കുന്നു. സ്വർണ്ണമല്ലാതെ മറ്റ് വിലപിടിച്ച സാധനങ്ങൾ ഒന്നും തന്നെ അവർ കൊണ്ടുപോയിട്ടില്ല. മോഷണത്തിന് ശേഷം ബാക്കിയുള്ള ആഭരണങ്ങാൾ എല്ലാം ഇന്ത്യയിലുള്ള അമ്മയെ ഏൽപിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. യു കെയിലേതിനേക്കാൾ സ്വർണം സുരക്ഷിതമായിരിക്കുക ഇന്ത്യയിലാണെന്നും അവർ പറയുന്നു.

സ്വർണ്ണ വില വർദ്ധിച്ചത് മോഷ്ടാക്കൾക്ക് പ്രചോദനമായിട്ടുണ്ട് എന്ന് പറഞ്ഞ പേലിങ്, ഓൺലൈനിൽ വാങ്ങുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സ്വർണ്ണാഭരണങ്ങൾ ഉരുക്കി തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ ആക്കാൻ സാധിക്കുന്നതും മോഷ്ടാക്കൾ അനുഗ്രഹമായി കരുതുകയാണ്. വളരെ സംഘടിതമായാണ് ഈ മോഷണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഡോർസെറ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മാത്രം ഈ വർഷം ജനുവരിക്കും മാർച്ചിനും ഇടയിലായി എട്ട് മോഷണങ്ങൾ നടന്നതായി വിവരാവകാശ നിയമപ്രകാരം ബി ബി സിക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. മൊത്തം 90,000 പൗണ്ട് വിലയുള്ള സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. 2023 ൽ ഇവിടെ നടന്നത് 3,30,000 പൗണ്ട് വിലവരുന്ന ആഭരണങ്ങൾ ഉൾപ്പെട്ട 13 മോഷണങ്ങളാണെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ സറേ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 23 കേസുകളാണ്. 1,10,000 പൗണ്ട് വിലയുള്ള ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. കഴിഞ്ഞ വർഷം ഇവിടെ നടന്നത് 36 സംഭവങ്ങളായിരുന്നു. മോഷ്ടാക്കൾ പ്രധാനമായും ഉന്നം വയ്ക്കുന്നത് ഇന്ത്യൻ വംശജരെയാണ്. ഇന്ത്യൻ സംസ്‌കാരത്തിലെ ഒഴിച്ചു കൂടാൻ ആകാത്ത ഒന്നാണ് സ്വർണ്ണാഭരണങ്ങൾ എന്നതിനാൽ, മിക്ക കുടുംബങ്ങളിലും ഇവ ഉണ്ടാകും എന്നതാണ് മോഷ്ടാക്കൾ ഇന്ത്യൻ വംശജരെ ഉന്നം വയ്ക്കാൻ കാരണം.