കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷൺമുഖനെയാണ് മക്കൾ വാടക വീട്ടിലുപേക്ഷിച്ചത്.

പത്ത് മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങള്ളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്.

പൊലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പൊലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങൾ മാറ്റിയത് അറിഞ്ഞിരുന്നില്ല. രണ്ട് ദിവസങ്ങൾക്കുള്ളിൽ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.