കോഴിക്കോട്: രാഹുൽ മുൻപ് വിവാഹം കഴിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് കോഴിക്കോട് ഭർത്താവിന്റെ അതിക്രമത്തിനിരയായ യുവതി. സൈക്കോ എന്ന രീതിയിലാണ് രാഹുൽ തന്നോട് പെരുമാറിയിരുന്നത്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ഈ ബന്ധത്തിൽ താത്പര്യമില്ലായിരുന്നു. തക്കതായ ശിക്ഷ ഭർത്താവിന് ലഭിക്കുമെന്നാണ് വിശ്വാസമെന്നും യുവതി പറഞ്ഞു. അതിനിടെ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്നാഅ സൂചന.

നവ വധു, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മർദ്ദിച്ച് പരിക്കേൽപ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭർത്താവിന്റെ കൊടും ക്രൂരതകൾ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങൾ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.

അന്വേഷണ സംഘത്തിൽ യുവതിയുടെ മാതാപിതാക്കളും വിശ്വാസം പ്രകടിപ്പിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. യുവതിയും മാതാപിതാക്കളും നൽകിയ മൊഴിയിൽ പറയുന്ന നിലയിൽ ഉപദ്രവം ഇവരിൽ നിന്ന് യുവതിക്കുണ്ടായെന്ന് ബോധ്യപെട്ടാൽ ഇവരും കേസിൽ പ്രതിയാകും. ഇവരേയും അറസ്റ്റു ചെയ്യും. ഇതിനിടെ പ്രതിയെ കണ്ടെത്താനും നീക്കം സജീവമാക്കിയിട്ടുണ്ട്. രാഹുൽ ഒളിവിൽ പോയത് പൊലീസിന്റെ ഒത്താശയോടെയാണെന്നും ഇവർ കൂട്ടുനിന്നതുകൊണ്ടാവാം തുടക്കത്തിൽതന്നെ അറസ്റ്റ് ഒഴിവായതെന്നും യുവതിയുടെ വീട്ടുകാർ ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ഇടപെടലിൽ സന്തോഷമുണ്ടെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

മനുഷ്യാവകാശ കമീഷനും വനിത കമീഷനും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും അലറിവിളിച്ച് കരഞ്ഞിട്ടും വീട്ടിലുള്ള രാഹുലിന്റെ അമ്മയും സഹോദരിയും കൂട്ടുകാരനും അറിഞ്ഞിട്ടും സഹായിക്കാനെത്തിയില്ലെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ മകളെ ബലംപ്രയോഗിച്ച് മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ, അതിന്റെ ഫോട്ടോയെടുത്തിട്ടുണ്ടെന്നും വീട്ടിൽ സ്ത്രീധനം സംബന്ധിച്ച് തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം കള്ളമാണെന്നും യുവതിയുടെ പിതാവ് പറഞ്ഞു. രാഹുലിനേക്കാൾ ക്രൂരയാണ് ഇയാളുടെ അമ്മയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

ആഭരണത്തിന്റെ കാര്യത്തിൽ അമ്മയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായ ശേഷമാണ് യുവതിക്കുനേരെ രാഹുലിന്റെ മർദനമുണ്ടായത്. അമ്മയും രാഹുലും ഏറെനേരം മുറി അടച്ചിരുന്ന് നടത്തിയത് ഗൂഢാലോചനയാണ്. സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണം. രാഹുലിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും യുവതിയുടെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർ നടപടികൾ പറവൂരിലേക്ക് മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. അതിനിടെ ഒരു ഫോൺകാൾ വന്നതിനെ ചൊല്ലിയാണ് മകനും മരുമകളും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് രാഹുലിന്റെ അമ്മ ഉഷയുടെ വെളിപ്പെടുത്തലും ചർച്ചകളിലുണ്ട്.

മരുമകളെ മർദിച്ചതായി മകൻ പറഞ്ഞിട്ടുണ്ട്. ബെൽറ്റ് കൊണ്ട് അടിച്ചിട്ടില്ല. കൈകൊണ്ടാണ് അടിച്ചത്. മർദനമുണ്ടായ അന്ന് രാത്രി ഇരുവരും ഒരു കല്യാണത്തിനും അതിനുശേഷം ബീച്ചിലും പോയിരുന്നു. തിരിച്ചെത്തിയതിനുപിന്നാലെ ഒരു ഫോൺകാൾ വന്നതിന്റെ പേരിലാണ് പ്രശ്നമുണ്ടായത്. കാമുകന്റെ ഫോൺകാൾ വന്നെന്നും അത് അവൾ മറച്ചുവെച്ചെന്നുമാണ് മകൻ പറഞ്ഞത്. ഇരുവരും തമ്മിൽ മുമ്പ് ഒരു പ്രശ്‌നവുമില്ലായിരുന്നു. മകൻ മദ്യപിക്കാറുണ്ട്. അവളുടെ ദേഹത്ത് പാട് കണ്ടപ്പോൾ മകനോട് ചോദിച്ചപ്പോഴും ബെൽറ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. മർദിച്ചത് പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. മരുമകളോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. അവന്റെ പേരിൽ സ്വത്തുണ്ട്. ജർമനിയിൽ അവന് വലിയ ശമ്പളമുള്ള ജോലിയുണ്ട്. അവൻ അവിടത്തെ പൗരനാണ്.

കോട്ടയത്ത് ഒരു പെൺകുട്ടിയുമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അവർ വേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ഒഴിവായത്. അത് മരുമകൾക്ക് അറിയാം. രണ്ടാഴ്ചകൊണ്ടാണ് ഈ കല്യാണം നടത്തിയത്. അടുക്കള കാണലിന്റെ അന്ന് അവൾ സ്വർണവും വസ്ത്രവുമെല്ലാം എടുത്താണ് പോയത്. ചൊവ്വാഴ്ച ഉച്ചവരെ രാഹുൽ വീട്ടിലുണ്ടായിരുന്നുവെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഈ രണ്ടാം കല്യാണമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് യുവതി പറയുന്നത്.