കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻപരിധിയിൽ ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു. കാഞ്ഞങ്ങാട്: ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച് സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അതിന് ശേഷമേ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടൂ. മുമ്പും പീഡനക്കേസിലും കവർച്ചാ കേസിലും കുടുങ്ങിയ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

പ്രദേശവാസിയായ യുവാവാണ് പിടിയിലായതെന്നാണ് വിവരം. ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്.

മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമായി.

കണ്ണൂർ ഡി.ഐ.ജി. തോംസൺ ജോസ് ബുധനാഴ്ച പകൽ മുഴുവൻ കാഞ്ഞങ്ങാട്ടായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് പി. ബിജോയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം കുട്ടിയുടെ വീട്ടിലും പീഡനം നടന്നയിടത്തുമെല്ലാം സന്ദർശിച്ച ഡി.ഐ.ജി. സമീപവാസികളോട് സംസാരിക്കുകയും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഇതിൽ നിന്നും പ്രതിയെ കുറിച്ചുള്ള സൂചന കിട്ടി. പിന്നാലെ നിർണ്ണായക സിസിടിവി ദൃശ്യവും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ബന്ധുവിന്റെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു. തീരദേശമേഖലയിലുൾപ്പെടെ കഞ്ചാവ് വിതരണം ചെയ്ത് പിടിക്കപ്പെട്ടവർ, വിവിധ മോഷണക്കേസുകളിൽ പിടിയിലായവർ തുടങ്ങി ഒട്ടേറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് എടുത്ത് അരക്കിലോമീറ്റർ അകലെ കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് അക്രമി കടന്നു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻപരിധിയിലാണ് ക്രൂരത നടന്നത്. കഴുത്തിനും കണ്ണിനും കാതിനും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. പുലർച്ചെ രണ്ടരയോടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കുപോയ സമയത്താണ് അക്രമി അകത്ത് കയറിയത്. വീടിനെ കുറിച്ചും മറ്റും വ്യക്തമായ അറിവ് പ്രതിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതെല്ലാം ചെയ്യാൻ കഴിഞ്ഞത്.

കുട്ടിയെ എടുത്ത് അടുക്കളവാതിൽ വഴി തൊട്ടടുത്ത പറമ്പിലൂടെ അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തി. ഇതിനിടെ ഉണർന്ന കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ലൈംഗികാതിക്രമത്തിനിരയാക്കുകയും കമ്മൽ ഊരിയെടുത്തശേഷം, നാലഞ്ച് വീടിനപ്പുറത്താണ് നിന്റെ വീടെന്നും പോയ്ക്കൊള്ളാനും പറഞ്ഞ് അക്രമി കടന്നുകളഞ്ഞു. പശുവിനെ കറക്കാൻ പോകുമ്പോൾ മുത്തച്ഛൻ മുൻവാതിൽ അടച്ചിരുന്നു. അകത്തുനിന്നോ പുറത്തുനിന്നോ വാതിൽ ലോക്ക് ചെയ്തിട്ടില്ലെന്ന് അറിയാവുന്നയാളാണ് അക്രമിയെന്ന് ഉറപ്പായിരുന്നു.

സംഭവത്തിൽ പോക്‌സോവകുപ്പുകൾ പ്രകാരം ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു. പൊലീസ് നായ മണംപിടിച്ച് വീട്ടിൽനിന്ന് പീഡനം നടന്ന ഇടംവരെയും തൊട്ടടുത്ത കവലവരെയുമെത്തി. ഇതിനിടെയാണ് സിസിടിവി ദൃശ്യവും പൊലീസിന് കിട്ടിയത്.