ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽവച്ച് പി എ ബൈഭവ് കുമാറിൽ നിന്നും സ്വാതി മലിവാൾ എംപി നേരിട്ടത് ക്രൂര മർദനമെന്ന് പൊലീസ് എഫ്‌ഐആർ. ഏഴുതവണ ബൈഭവ് കുമാർ മലിവാളിന്റെ കരണത്തടിച്ചെന്നും. നെഞ്ചിലും വയറ്റിലും ഇടുപ്പിലും ചവിട്ടിയെന്നും സ്വാതി മലിവാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേജ്‌രിവാളിന്റെ വീട്ടുമുറ്റത്തിരുന്ന് താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിനു മുൻപാകെ സ്വാതി രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സ്വാതി കേജ്‌രിവാളിന്റെ വസതിയിലെത്തിയത്. കേജ്‌രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേയ്ക്ക് കടന്നുവന്നു. സ്വാതി ധരിച്ചിരുന്ന ഷർട്ടിൽ കയറി പിടിച്ചെന്നും തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിച്ചെന്നും മൊഴിയിൽ പറയുന്നു.

സ്വീകരണ മുറിയിലൂടെ തന്നെ വലിച്ചിഴച്ചു. ആർത്തവ ദിനമായതിനാൽ താൻ അസഹനീയമായ വേദന അനുഭവിച്ചിരുന്നുവെന്നും മർദിക്കരുതെന്നും ബൈഭവിനോട് പറഞ്ഞു. എന്നാൽ ബൈഭവ് മർദനം തുടരുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ എത്തിയാണ് തന്നെ രക്ഷിച്ചതെന്നും സ്വാതി മൊഴിയിൽ വ്യക്തമാക്കുന്നു.

കേജ്‌രിവാളിനെ സന്ദർശിക്കാൻ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന സ്വാതിയുടെ പരാതിയിൽ ബൈഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതി നൽകിയ വിവരം സ്വാതി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കയ്യേറ്റം ചെയ്‌തെന്നാണ് ആക്ഷേപം. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഡൽഹി പൊലീസിന്റെ ഒരു സംഘം സ്വാതിയുടെ വസതിയിലെത്തി മൊഴിയെടുത്തിരുന്നു. സ്വാതിയോട് കേജ്‌രിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സഞ്ജയ് സിങ് എംപിയും സ്ഥിരീകരിച്ചിരുന്നു.

ബൈഭവ് കുമാർ ഇപ്പോൾ പഞ്ചാബിലാണ്. മുൻകൂർ ജാമ്യം തേടി ഇയാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. ബൈഭവ് കുമാറിനോട് നാളെ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പെട്ടു.

ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നീക്കം തുടങ്ങി. കേസിൽ അന്വേഷണസംഘം വിപുലീകരിച്ച പൊലീസ് കേജ്‌രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ മഹിള മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ഒരു വനിതാ പാർലമെന്റ് അംഗത്തിനു നേരെ മോശമായ പെരുമാറ്റമുണ്ടായിട്ടും കേജ്‌രിവാൾ നിശബ്ദനായിരുന്നുവെന്ന് മഹിള മോർച്ച ഡൽഹി ഘടകം അധ്യക്ഷ റിച്ച പാണ്ഡെ പറഞ്ഞു. സംഭവം നടക്കുമ്പോൾ സുനിത കേജ്രിവാൾ എവിടെയായിരുന്നുവെന്ന് മഹിള മോർച്ച ജനറൽ സെക്രട്ടറി പ്രിയം ഭരദ്വാജും ചോദിച്ചു.