മണാലി: മണാലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒപ്പമുണ്ടായിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുടുങ്ങുമെന്ന സംശയത്തിൽ ബാഗ് ഒരു ടാക്‌സി കാറിനുള്ളിൽ വെച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകൾക്ക് ശേഷം മണാലി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഹരിയാനയിലെ പൽവാൽ ജില്ലയിൽ താമസിക്കുന്ന വിനോദ് കുമാർ (23) ആണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. 26 കാരിയായ മധ്യപ്രദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. പെൺകുട്ടിയുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

പ്രതിയായ യുവാവും സുഹൃത്തും മെയ് 13-ന് ആണ് മണാലിയിൽ എത്തുന്നത്. ഗോമ്പ റോഡിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത സമയത്ത് ഇരുവരും മെയ് 15 ന് മടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.

ബുധനാഴ്ച വൈകുന്നേരം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത യുവാവ് കയ്യിൽ ഭാരമുള്ള ബാഗുമായാണ് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. ഇവിടെ നിന്ന് മണാലി ബസ് സ്റ്റാൻഡിലേക്ക് പോകാനായി യുവാവ് ഹോട്ടലിന് പുറത്ത് ടാക്സി വിളിച്ചു. യുവാവിന്റെ കയ്യിലെ ഭാരമേറിയ ബാഗ് കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇതിനിടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചത് മനസ്സിലാക്കിയ യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി കാറിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രതിയെ പിടികൂടാൻ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകി. തെരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രി വൈകി ബജൗറയ്ക്ക് സമീപത്ത് വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

മണാലി ഗോമ്പ റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസത്തേക്കെന്ന് പറഞ്ഞായിരുന്നു ഹോട്ടലിലെ ചെക്ക് ഇൻ. രണ്ട് ദിവസം കഴിഞ്ഞ് മുറി ഒഴിയാൻ നേരം വിനോദ് മാത്രമാണ് ഹോട്ടൽ റിസപ്ഷനിലെത്തിയത്. പോകാനായി ഇയാൾ ടാക്‌സി ബുക്ക് ചെയ്യുകയും ചെയ്തു. എന്നാൽ യുവതി ഒപ്പമില്ലാത്തതും കൈയിലുണ്ടായിരുന്ന വലിയ ബാഗും ഹോട്ടൽ ജീവനക്കാർ ശ്രദ്ധിച്ചതാണ് കേസിൽ വഴിത്തിരിവായത്.

ഹോട്ടൽ ബുക്കിങ് ഉൾപ്പെടെ എല്ലാം ശീതളിന്റെ പേരിലായിരുന്നതിനാൽ ഇയാളുടെ തിരിച്ചറിയൽ രേഖകളോ ഫോട്ടോയോ ഒന്നും പൊലീസിന് ആദ്യം ലഭിച്ചില്ല. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ആളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. യുവാവും യുവതിയും തമ്മിലുള്ള ബന്ധം എന്താണെന്നും പൊലീസിന് വ്യക്തതയില്ല. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി അയച്ചു.