- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആ ക്രൂരനെ ഏതാണ്ട് ഉറപ്പിച്ചെന്ന് സൂചന; കാത്തിരിക്കുന്നത് ഡിഎൻഎ ഫലത്തിന്
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. കേസിൽ ഡി എൻ എ പരിശോധനാ ഫലം ഇനിയും പുറത്തു വന്നിട്ടില്ല. എന്നാൽ പ്രതിയുമായി ബന്ധപ്പെട്ട നിർണ്ണായക മൊഴി പൊലീസിന് കിട്ടി. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്. ഇയാൾ നേരത്തേയും പോക്സോ കേസിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഞായറാഴ്ച എട്ടുപേരെ ചോദ്യംചെയ്തു. വിവിധ സി.സി.ടി.വി.കളിൽ സംശയാസ്പദമായി കണ്ട എട്ടുപേരെയാണ് ചോദ്യം ചെയ്തത്. ഇതിലൊരാളാണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയത് പുലർച്ചെ മൂന്നിനാണ്. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. പെൺകുട്ടിയുടെ വീട്ടിലേക്കെത്തിച്ചേരാൻ കഴിയുന്ന മൂന്ന് റോഡുകളുണ്ട്. ഈ വഴിയിലെ സി.സി.ടി.വി.കളെല്ലാം പരിശോധിച്ചു.
അഞ്ചും ആറും മണിക്കൂർ നീളുന്ന ദൃശ്യങ്ങൾ ഹൊസ്ദുർഗ് ഇൻസ്പെക്ടർ എംപി. ആസാദിന്റെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി പൊലീസുകാർ പെൻഡ്രൈവിൽ ശേഖരിച്ചാണ് പരിശോധിച്ചത്. അതിനിടെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിലെ അംഗങ്ങൾ ഞായറാഴ്ച കാഞ്ഞങ്ങാട്ടെത്തി അന്വേഷണ ടീമിൽ ചേർന്നു. ജില്ലാ പൊലീസ് മേധാവി പി. ബിജോയ് കാഞ്ഞങ്ങാട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
പ്രതിയുടെ രേഖാചിത്രം പൊലീസ് വരച്ചിട്ടുണ്ട്. എന്നാൽ പൊലീസിതു പുറത്തുവിട്ടിട്ടില്ല. പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നല്ല ഇരുട്ടായതിനാൽ അക്രമിയുടെ മുഖം കുട്ടിക്ക് കൃത്യമായി പറയാനാകുന്നില്ല. അതുകൊണ്ടാണ് രേഖാ ചിത്രം പുറത്തുവിട്ടത്. പ്രദേശത്തെ ഒരു സ്ത്രീ ഒരാളെ കണ്ടുവെന്നു പറഞ്ഞിരുന്നു. ഇവരുടെ മൊഴി അനുസരിച്ചാണ് രേഖാചിത്രം വരച്ചത്. വ്യക്തമായ ഉറപ്പില്ലാത്തതിനാലാണ് ഈ ചിത്രം പൊലീസ് പുറത്തുവിടാതിരിക്കുന്നത്.
വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ ബുധനാഴ്ച പുലർച്ചെ മൂന്നോടെ എടുത്ത് അരക്കിലോമീറ്റർ അകലെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് അക്രമി കടന്നു. പുലർച്ചെ രണ്ടരയോടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തേക്കുപോയ സമയത്താണ് അക്രമി അകത്ത് കയറിയത്. കുട്ടിയെ എടുത്ത് അടുക്കളവാതിൽ വഴി തൊട്ടടുത്ത പറമ്പിലൂടെ അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തി. ഇതിനിടെ ഉണർന്ന കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. ഒച്ചവച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
ലൈംഗികാതിക്രമത്തിനിരയാക്കുകയും കമ്മൽ ഊരിയെടുത്തശേഷം, നാലഞ്ച് വീടിനപ്പുറത്താണ് നിന്റെ വീടെന്നും പോയ്ക്കൊള്ളാനും പറഞ്ഞ് അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോക്സോവകുപ്പുകൾ പ്രകാരം ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്പി. വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു.