അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഐ.എസ്. ഭീകരർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നിന്നും ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഇവരുടെ ചിത്രങ്ങൾ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐ.പി.എൽ. മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരരായ നാലുപേർ വിമാനത്താവളത്തിൽനിന്ന് പിടിയിലാകുന്നത്. എന്നാൽ, ഇവർ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.

സംഘം വിവിധയിടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ എടിഎസ് പുറത്തുവിട്ടിട്ടില്ല. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്. രഹസ്യകേന്ദ്രത്തിൽ എത്തിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.