തിരുവനന്തപുരം: ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം വാഗ്ദാനം ചെയ്ത് 'ടെക്‌നോപാർക്ക് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 13.75 ലക്ഷം രൂപ. കഴക്കൂട്ടം കുളത്തൂർ മൺവിളയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽ വീണത്. ഷെയർ ട്രേഡിങ്ങിൽ ലാഭം വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് വിശ്വാസം പിടിച്ചു പറ്റിയ ശേഷമാണ് പണം തട്ടിയത്.

ഷെയർ ട്രേഡിങ്ങിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിവരങ്ങൾ ഫേസ്‌ബുക് മെസഞ്ചർ വഴി പങ്കുവച്ചായിരുന്നു തുടക്കം. പിന്നീട് മുപ്പതും നാൽപ്പതും പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളിൽ ചേർത്തു. അംഗീകൃത ഷെയർ മാർക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഗ്രൂപ്പിൽ ചേർത്തത്. ഇതിനു
ശേഷം ഗ്രൂപ്പിലെ അംഗങ്ങൾക്ക് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോൾ നാൽപതിനായിരം രൂപവരെ ലാഭം കിട്ടിയതായി പലതരം സ്‌ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു. അംഗങ്ങളുടെ സന്ദേശങ്ങൾ വിശ്വസിച്ച യുവതി ഗ്രൂപ്പിലുള്ളവരുടെ നിർദ്ദേശപ്രകാരം ഫോണിൽ ട്രേഡിങ് ആപ് ഇൻസ്റ്റാൾ ചെയ്തു.

പിന്നീട് ഗ്രൂപ്പിൽ വരുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുക ആയിരുന്നു. ഇതോടെ സംഭവം വിശ്വാസത്തിലെടുത്ത യുവതി ആദ്യം 50,000 രൂപയാണ് നിക്ഷേപിച്ചത്. ഇതിൽ മൂന്നിരട്ടി ലാഭം കിട്ടിയതായി ആപ്പിൽ കാണിച്ചതോടെ വീണ്ടും അരലക്ഷം രൂപ കൂടി നിക്ഷേപിച്ചു. കൂടുതൽ തുക നിക്ഷേപിക്കാൻ ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചതോടെ 3,75,000 രൂപയും ഒടുവിൽ 9 ലക്ഷം രൂപയും അയച്ചു. പിന്നീട് ലാഭവിഹിതം പിൻവലിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി വീണ്ടും പണം ആവശ്യപ്പെട്ടു.അപ്പോൾ മാത്രമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.