തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ യദു അശ്ലീല ആംഗ്യങ്ങൾ കാണിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി (12) ആണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇന്നു വൈകുന്നേരം നാല് മണിക്കാണ് മേയർ മൊഴി നൽകാൻ ഹാജരായത്. മൊഴിയെടുപ്പ് 45 മിനിട്ട് നീണ്ടു. ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കൂടെയുണ്ടായിരുന്നു.

ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ശ്രമം. യദു ഓടിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

മേയറുടെ രഹസ്യമൊഴിയെടുക്കണമെന്ന് മ്യൂസിയം പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഏപ്രിൽ 28ന് രാത്രിയിലാണ് മേയറും ഭർത്താവും കെഎസ്ആർടിസി ഡ്രൈവറുമായി വഴിയിൽവച്ച് വാക്‌പോരുണ്ടായത്. വാഹനത്തിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതായി മേയറും കുടുംബവും ആരോപിച്ചിരുന്നു. മേയർ ബസിനു കുറുകേ സീബ്രാലൈനിൽ കയറ്റി കാർ നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലെ സിഗ്‌നലിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്‌തെത്തിയ മേയറുടെ കാർ ബസിനു കുറുകേ നിർത്തുന്ന വിഡിയോയാണ് പുറത്തുവന്നത്. കാറിനു സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്തതെന്നു മേയർ വിശദീകരിച്ചു. ഡ്രൈവർക്കെതിരെ മേയർ പരാതി നൽകുകയും ചെയ്തു. ഡ്രൈവറും മേയർക്കെതിരെ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ല. സംഭവം വിവാദമായതോടെയാണ് കേസെടുത്തത്.

ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നത്. യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡും ആരെടുത്തുകൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ് പരിശോധന നടന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. രണ്ടുമാസമായി വേഗപൂട്ട് ഇളക്കിയിട്ടെന്നും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം. മെമ്മറി കാർഡ് കാണാതായ കേസിൽ തമ്പാനൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.