മലപ്പുറം: സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ വിദേശത്തുള്ള ഭർത്താവിന് പകരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അതേ പേരിലുള്ള മറ്റൊരാളെ. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കൽ അബൂബക്കറിനെയാണ് പൊലീസ് ആളുമാറി അറസ്റ്റുചെയ്തത്. ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് ആളുമാറി ആലുങ്കൽ അബൂബക്കറിനെ അറസ്റ്റുചെയ്തത്.

2020-ൽ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നൽകിയ പരാതിക്കുമേൽ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നത്. കേസിൽ കോടതി വിധിക്ക് പിന്നാലെ നടന്ന അറസ്റ്റിലാണ് പൊലീസിന് പിഴവ് സംഭവിച്ചത്.

പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത വെളിയങ്കോട് ആലുങ്ങൽ സ്വദേശി അബൂബക്കറി(42)നെ നേരത്തെ കോടതി റിമാൻഡ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റിയിരുന്നു. നാലു ദിവസത്തെ ജയിൽവാസത്തിനു ശേഷം തിരൂർ കുടുംബ കോടതി പ്രതിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചത്.

നാലു ദിവസത്തിനുശേഷം ഇയാളുടെ ജാമ്യം എടുക്കുന്നതിനായി ബന്ധുക്കൾ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് കുടുംബ കോടതിയിൽ നിന്ന് പൊലീസിന് ലഭിച്ച സമൻസിനെ തുടർന്നാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തതെന്ന വിവരം ലഭിച്ചത്. അറസ്റ്റിലായ അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. നേരത്തെ സ്വർണവുമായി ബന്ധപ്പെട്ടാണ് ഭാര്യ അബൂബക്കറിനെതിരെ പരാതി നൽകിയത്. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു.

ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ അവർ അബൂബക്കറിന് എതിരെ ഇങ്ങനെ ഒരു പരാതി നൽകിയിരുന്നില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് അഭിഭാഷകനെ കണ്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് പരാതിക്കാരിയായ അയാളുടെ ഭാര്യ കുടുംബ കോടതിയെ സമീപിച്ചതെന്ന് ബോധ്യപ്പെട്ടത്.

കുടുംബ കോടതി ഗാർഹിക പീഡനക്കേസിൽ ജീവനാംശം നൽകാത്തതിന് പൊലീസിന് നൽകിയ സമൻസിലെ പ്രതി പൊന്നാനി വെളിയങ്കോട് വടക്കേപുറത്ത് ആലുങ്ങൽ അബൂബക്കർ(52) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തടവ് ശിക്ഷ അനുഭവിച്ച അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.

രണ്ട് അബൂബക്കർമാരുടെയും പിതാവിന്റെ പേര് മുഹമ്മദ് എന്നായിരുന്നതും പൊലീസിനെ കുഴക്കി. അതേസമയം, കോടതി അറസ്റ്റുചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ വിദേശത്താണുള്ളത്.

ഇതു സംബന്ധിച്ച് പൊന്നാനി പൊലീസിന്റെ വിശദീകരണം ഇങ്ങനെ: കോടതിയിൽ നിന്നും ലഭിച്ച സമൻസ് പ്രകാരം വെളിയങ്കോട് വടക്കേപ്പുറം ആലുങ്ങൽ അബൂബക്കർ എന്ന ആളെ തേടിയാണ് നാട്ടിലെത്തിയത്. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആലുങ്ങൽ അബൂബക്കർ എന്ന ആളെ കസ്റ്റഡിയിൽ എടുത്തതും പിന്നീട് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തവനൂർ ജയിലിൽ ആക്കിയതും.

ഇയാൾ പൊലീസിനോടും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി. രണ്ടു വർഷം മുൻപ് ഇയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അതാകാമെന്ന് കരുതിയാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. കോടതി തന്ന സമൻസിലും വിലാസം ഇയാളുടെതു തന്നെ ആയിരുന്നതിനാലാണ് അറസ്റ്റ് ചെയ്തത്. മറ്റു വിശദ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ഇതേ വിലാസത്തിൽ മറ്റൊരാളാണ് കോടതി നിർദ്ദേശിച്ച പ്രതി എന്ന് തിരിച്ചറിയുവാൻ കഴിയാത്തതിനാലുമായിരുന്നു പൊലീസ് നടപടി.