കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ പുലർച്ചെ മൂന്നിന് വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതി മൊബൈൽ ഉപയോഗിക്കാറില്ല. എന്നാൽ ഒളിയിടത്തിൽ നിന്നും ഭാര്യയ്ക്ക് വന്ന ഫോണാണ് പ്രതിയെ കണ്ടെത്താൻ നിർണ്ണായകമായത്. പീഡനം നടന്ന പ്രദേശത്ത് 12 വർഷത്തിലേറെയായി താമസിക്കുന്ന കുടക് നാപ്പോക് സ്വദേശിയാണ് അറസ്റ്റിലായത്.

ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്.കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയാണ് പ്രതി. ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഭാര്യയെ നിരീക്ഷിച്ചതിൽ നിന്നും നിർണ്ണായക വിവരം പൊലീസിന് കിട്ടി.

പീഡന ശേഷം കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കിൽ കറങ്ങി നടന്നാണ് കുറ്റകൃത്യം.

കുടക് നാപ്പോക്ക് സ്വദേശിയായ ഇയാൾ 12 വർഷത്തിലധികമായി കാഞ്ഞങ്ങാട്ടാണ് താമസം. ഭാര്യവീടാണ് ഇവിടെ. പീഡനം നടന്നതിന് മണിക്കൂറുകൾക്ക് മുൻപ് രാത്രി 11-ന് കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ ഇയാൾ നടക്കുന്നതും സംഭവത്തിനുശേഷം രാവിലെ 8.30-ന് ബാഗുമായി പോകുന്നതും പ്രദേശത്തെ വിവിധ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. ഇതാണ് അറസ്റ്റിൽ നിർണ്ണായകമായത്. പ്രദേശത്തെ ഒരു വീട്ടിൽ ദിവസങ്ങൾക്കു മുൻപ് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നു. ഇത് മുക്കുപണ്ടമായതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ അത് ഇയാളാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ബാലികയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ബന്ധുവായതിനാൽ വീട്ടുകാർ ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകിയില്ല.

പീഡനം നടന്ന ദിവസം തന്നെ പൊലീസ് കുടകിലേക്ക് പോയിരുന്നു. ഇപ്പോൾ പ്രതിയെന്ന നിഗമനത്തിലെത്തിയ കുടക് സ്വദേശിയെക്കുറിച്ച് ആദ്യമേ പൊലീസിന് സംശയമുണ്ടായിരുന്നു. പ്രതിയെന്ന നിഗമനത്തിലെത്തിയശേഷം വീണ്ടും കുടകിലേക്ക് പോയ പൊലീസ് നാപ്പോക്കിലെ വീടുകൾ നിരീക്ഷണത്തിലാക്കി. സംഭവത്തിനുശേഷം ബാഗുമായി വീട്ടിൽ നിന്നിറങ്ങിയ പ്രതി സ്വദേശമായ കുടകിലെത്തിയിരുന്നില്ല. പീഡനം നടന്ന പ്രദേശത്ത് ഇയാൾ താമസമാക്കിയിട്ട് 12 വർഷം കഴിഞ്ഞെങ്കിലും അധികം സുഹൃത്തുക്കളൊന്നുമില്ല.

ഇയാൾക്കെതിരേ കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.പീഡനത്തിനിരയായ കുട്ടിയുടെ വീട്ടിൽ മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുമ്പോൾ മുൻവാതിൽ തുറന്ന് ലോക്ക് ചെയ്യാതെ അടക്കുക മാത്രമേ ചെയ്യാറുള്ളൂവെന്ന് ഇയാൾ മനസ്സിലാക്കിയിരുന്നു. ദിവസങ്ങളോളം കൃത്യമായ നിരീക്ഷണം നടത്തിയശേഷമാണ് ഇയാൾ വീട്ടിൽ കയറിയതെന്നാണ് സൂചന. ജലപാനമില്ലാതെ അഞ്ചു ദിവസം വരെ കഴിയാനും ഇയാൾക്ക് പ്രത്യേക കഴിവുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിലും ഇയാൾ പ്രതിയാണ്. ഇതിൽ മൂന്ന് മാസം റിമാന്റിലായിരുന്നു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നേരത്തെ ജയിലിൽ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.